ആലുവ: ആലുവ നഗരസഭാ പ്രദേശത്തെ ഗാർഹിക മാലിന്യങ്ങൾ ഉൾപ്പെടുന്ന സാനിറ്ററി , ബയോ മെഡിക്കൽ മാലിന്യം (സാനിറ്ററി നാപ്കിൻ, ഡയപ്പർ തുടങ്ങിയവ) സംസ്‌കരിക്കുന്ന പദ്ധതി നാളെ ആംഭിക്കും. ഔദ്യോഗികമായ ഉദ്ഘാടനം ഉച്ചയ്ക്ക് 12 മണിക്ക് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടക്കും. പാലക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന അരവിന്ദ് അസോസിയേറ്റ്‌സ് എന്ന സ്ഥാപനവുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

മുനിസിപ്പൽ പ്രദേശത്തെ വീടുകൾ, അപ്പാർട്ട്‌മെന്റുകൾ, ഹോസ്റ്റലുകൾ, ലോഡ്ജുകൾ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും മേൽ സ്ഥാപനം സാനിറ്ററി, ബയോ മെഡിക്കൽ മാലിന്യങ്ങൾ ശേഖരിക്കുന്നതിനൊപ്പം ആവശ്യമായ ബോധവത്കരണം നടത്തുന്നതും മാർഗ നിർദ്ദേശങ്ങൾ നൽകുന്നതുമാണ്. മാലിന്യങ്ങൾ ശേഖരിക്കുന്നതിന് ഉയർന്ന നിലവാരത്തിലുളള സാനിറ്ററി ബാഗുകൾ അടങ്ങിയ കിറ്റ് വീടുകളിലും മറ്റു വിതരണം ചെയ്യും. സാനിറ്ററി ബാഗുകൾ കൈകാര്യം ചെയ്യേണ്ട വിധം സംബന്ധിച്ച പരിശീലനവും ആദ്യ ഘട്ടത്തിൽ നൽകുന്നതാണ്.