digital-library

ആലുവ: എടയാറിൽ സർക്കാർ വിഭാവനം ചെയ്തിട്ടുള്ള മാലിന്യ പ്ലാന്റ് നടപ്പാക്കേണ്ടത് നാടിന്റെ ആവശ്യമാണെന്ന് മന്ത്രി പി. രാജീവ്. എടയാർ ബിനാനിപുരം സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് നിർമ്മിച്ചു നൽകിയ ഡിജിറ്റൽ ലൈബ്രറി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

മലിനീകരണത്തിൽ നിന്ന് നാടിനെയും പെരിയാറിനെയും സംരക്ഷിക്കുന്നതിന് മാലിന്യ സംസ്‌ക്കരണം കൂടിയേ തീരൂ. ഇത് കാലഘട്ടത്തിന്റെ ആവശ്യമാണ്. വ്യവസായ ശാലകളിൽ നിന്നുണ്ടാകുന്ന മലിനജലം സംസ്‌കരിക്കുന്നതിനാണ് കോമൺ എഫ്‌ളൂവ്‌മെന്റ് പ്ലാന്റ് നിർമ്മിക്കുന്നത്. പെരിയാറിനെ സ്‌നേഹിക്കുന്നവർക്ക് ഇത് വേണ്ടെന്നു പറായാറാകില്ലെന്നും മന്ത്രി പറഞ്ഞു.

ബിനാനിപുരം സ്‌കൂളിന്റെ ഗ്രൗണ്ട് നവീകരിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അദ്ധ്യക്ഷനായി. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ ജ്ഞാനസന്ദേശം നൽകി. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. യേശുദാസ് പറപ്പിള്ളി, പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, ജില്ലാ വിദ്യാഭ്യാസ ഡയറക്ടർ ഹണി ജി. അലക്‌സാണ്ടർ, ബ്ലോക്ക് സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.എ. അബൂബക്കർ, വാർഡ് അംഗം സുനിത കുമാരി, ഡി.ഇ.ഒ സി.സി. കൃഷ്ണകുമാർ, എ.ഇ.ഒ. സനൂജ എം. ഷംസു, ബി.പി.ഒ. സോണിയ ആർ,എസ്., പി.ടി.എ പ്രസിഡന്റ് വേണുഗോപാൽ എ.കെ., ജോസഫ് എഡിസൺ, പ്രധാനാദ്ധ്യാപിക എസ. ബീനാ ദേവി എന്നിവർ പ്രസംഗിച്ചു.