investigation

കൊച്ചി: നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറികാർഡ് ഉപയോഗിച്ച 'അജ്ഞാത' വിവോഫോണിന്റെ ഉടമയിലേക്ക് തുടരന്വേഷണസംഘം കൂടുതൽ അടുത്തു. സംശയിക്കുന്നവരുടെ സി.ഡി.ആർ (കാൾ ഡീറ്റെയിൽസ് റെക്കാഡ്) ഇന്നലെ അന്വേഷണസംഘം ശേഖരിച്ചു. മെമ്മറികാർഡ് അവസാനം തുറന്ന 2021 ജൂലായ് 19ന് കലൂരിലെ വിചാരണക്കോടതിയുടെ ടവർപരിധിയിൽ ഉണ്ടായിരുന്നവരിലേക്കാണ് അന്വേഷണം നീളുന്നത്. പൊലീസ് ഉദ്യോഗസ്ഥർ ഈസമയം പ്രദേശത്ത് ഉണ്ടായിരുന്നില്ലെന്നാണ് സൂചന. സുപ്രധാന വിവരങ്ങളും ഇതോടൊപ്പം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

ഫോൺഉടമ വെളിച്ചത്തുവന്നാലേ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടോ, കൈമാറിയിട്ടുണ്ടോ എന്നെല്ലാം കണ്ടെത്താനാകൂ. ജിയോ സിമ്മി​ട്ട ഫോണിൽ നിഖിൽ എന്ന പേരിൽ ഓൺലൈൻ ഗെയിം കളിച്ചിരുന്നു. സി.ഡി.ആർ ഡേറ്റയിൽ ജിയോസിമ്മിൽനിന്നുള്ള കാളുകൾ പ്രത്യേകം ക്രോഡീകരിച്ചിട്ടുണ്ട്. വാട്‌സാപ്പ്, ടെലിഗ്രാം, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള ആപ്പുകൾ പ്രവർത്തിച്ചിരുന്ന ഫോണിൽ ഉച്ചയ്ക്ക് 12.19നും 12.54നും ഇടയിലാണ് മെമ്മറികാർഡ് ഉപയോഗിച്ചത്.

 ചോദ്യംചെയ്യലിൽ അനിശ്ചിതത്വം


അനുമതി​ ലഭി​ക്കാത്തതി​നാൽ മെമ്മറികാർഡ് കേസിൽ കോടതി ജീവനക്കാരെ ചോദ്യംചെയ്യുന്നത് അനിശ്ചിതത്വത്തിലായി. നിർണായക വിവരങ്ങൾ ഇവരി​ൽനി​ന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അന്വേഷണസംഘം. തിങ്കളാഴ്ച ഇക്കാര്യത്തിൽ കോടതി തീരുമാനമുണ്ടായേക്കും.