ആലുവ: എടയാർ ബിനാനിപുരം സ്‌കൂളിൽ ഡിജിറ്റൽ ലൈബ്രറി ഉദ്ഘാടന ചടങ്ങിനെത്തിയ മന്ത്രി പി. രാജീവിനെ വരവേറ്റത് മാലിന്യ പ്ലാന്റ് വിരുദ്ധ സമര സമിതിയുടെ നേതൃത്വത്തിലുള്ള നാട്ടുകാരുടെ പ്രതിഷേധം. എടയാർ കവലയിൽ മന്ത്രി കടന്നുപോകുന്ന റോഡിന് ഇരുവശവും സ്ത്രീകളും കുട്ടികളും അടക്കമുള്ള നാട്ടുകാർ പ്ലക്കാർഡുകളേന്തി മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചു. എടയാറിലെ ജനവാസമേഖലയോടു ചേർന്ന് രണ്ട് ഏക്കറിലാണ് മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള പദ്ധതി വരുന്നത്.

സ്വന്തം നിയോജകമണ്ഡലത്തിലെ ജനങ്ങളുടെ പ്രതിഷേധം വകവയ്ക്കാതെ വ്യവസായ മന്ത്രി പദ്ധതി അടിച്ചേൽപ്പിക്കുകയാണെന്ന് സമര സമിതി പ്രതിനിധികളായ മുൻ പഞ്ചായത്ത് അംഗം ടി.ജെ. ടൈറ്റസ്, എടയാർ ഫാത്തിമ മാതാ പള്ളി വികാരി ഫാ. റോഷൻ കല്ലൂർ, വി.കെ. പ്രകാശൻ, മഹേഷ് എടയാർ, ഷിയാസ് എന്നിവർ പറഞ്ഞു. പദ്ധതി പിൻവലിക്കും വരെ പ്രക്ഷോഭം തുടരുമെന്നും സമര സമിതിക്കാർ പറഞ്ഞു. നേരത്തെ എടയാറ്റുചാൽ പാടശേഖരത്തിൽ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോഴും മന്ത്രിക്കു നേരെ സമരസമിതിയുടെ പ്രതിഷേധമുണ്ടായിരുന്നു.