kite
ഇടപ്പള്ളി കൈറ്റ് ജില്ല കേന്ദ്രം മേഖല റിസോഴ്‌സ് സെന്ററിൽ കൈറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന ജില്ല ക്യാമ്പിൽ നിന്ന്‌

 ലിറ്റിൽ കൈറ്റ്‌സ് ജില്ലാ ക്യാമ്പിന് തുടക്കം


കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്‌സ് തുടങ്ങി ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ പൊതുവിദ്യാലയങ്ങളിലേക്ക് എത്തിക്കുന്ന തരത്തിൽ ലിറ്റിൽകൈറ്റ്‌സ് യൂണിറ്റുകളെ സജ്ജമാക്കുമെന്ന് സി.ഇ.ഒ. കെ.അൻവർ സാദത്ത് പറഞ്ഞു. ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകളുള്ള എല്ലാ സ്കൂളുകളിലും റോബോട്ടിക് ലാബ് സംവിധാനം ഈവർഷം നിലവിൽവരും.സൈബർസുരക്ഷയിലും വ്യാജവാർത്തകളെ പ്രതിരോധിക്കുന്നതിനും 3.1 ലക്ഷം രക്ഷിതാക്കൾക്ക് പരിശീലനം നൽകിയ മാതൃകയിൽ ഇത് നടപ്പാക്കും. നൂതനസാങ്കേതിക സംവിധാനങ്ങളായ റോബോട്ടിക്‌സ്, ഹോം ഓട്ടോമേഷൻ, 3 ഡി കാരക്ടർ മോഡലിംഗ് തുടങ്ങിയവ സ്കൂൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്ന ദ്വിദിന ലിറ്റിൽ കൈറ്റ്‌സ് ജില്ലാ സഹവാസ ക്യാമ്പിൽ സംസാരി​ക്കുകയായി​രുന്നു അൻവർ സാദത്ത്

സബ് ജില്ലാ ക്യാമ്പുകളിൽ പങ്കെടുത്തവരിൽനിന്ന് തിരഞ്ഞെടുത്ത നൂറുപേരാണ് ഇടപ്പള്ളി കൈറ്റ് ജില്ലാകേന്ദ്രം മേഖലാ റിസോഴ്‌സ് സെന്ററിൽ പങ്കെടുക്കുന്നത്. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷനാണ് (കൈറ്റ്) സംഘാടകർ.

 സമാപനം ഇന്ന്

ഇന്റർനെറ്റ് ഒഫ് തിംഗ്‌സ് (ഐ.ഒ.ടി.) സങ്കേതമുപയോഗിച്ചാണ് ഓട്ടോമേഷൻ സംവിധാനം കുട്ടികൾ തയാറാക്കുന്നത്. കുട്ടികൾ തന്നെ കാരക്ടർ ഡിസൈൻ ചെയ്ത് അനിമേഷൻ തയാറാക്കുന്നു.

മൊബൈൽ ആപ്പ് നിർമ്മാണം, റാസ്പ്‌ബെറി പൈ, ഇലക്ട്രോബ്രിക് എന്നിവ ഉപയോഗിച്ച് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ, നെറ്റ് വർക്കിലുള്ള ഫാൻ, ലൈറ്റ് എന്നിവ ശബ്ദസിഗ്‌നലുകളും ടെക്സ്റ്റ് സന്ദേശങ്ങളും ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന ഹോം ഓട്ടോമേഷൻ സംവിധാനം, ഇതിലേക്കാവശ്യമായ കണക്റ്റിവിറ്റി തയാറാക്കുന്നതിനുള്ള ലഘു ആപ്ലിക്കേഷനുകളുടെ നിർമ്മാണം എന്നിവയാണ് പ്രോഗ്രാമിംഗ് മേഖലയിൽ പങ്കെടുക്കുന്ന കുട്ടികൾ പരിചയപ്പെടുന്നത്. ഇന്ന് വൈകിട്ടു 3.30ന് മന്ത്രി വി. ശിവൻകുട്ടി ഓൺലൈനിലൂടെ ക്യാമ്പ് അംഗങ്ങളുമായി സംവദിക്കും.