പെരുമ്പാവൂർ: ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ച ചേരാനല്ലൂർ ആയുർവേദ ആശുപത്രി കെട്ടിടം ചോരുന്നു. കെട്ടിടത്തിന്റെ ദുരവസ്ഥ ആശുപത്രി ജീവനക്കാരെയും നാട്ടുകാരെയും ഒരുപോലെ ആശങ്കയിലാക്കുകയാണ്.
കൂവപ്പടി, ഒക്കൽ പഞ്ചായത്തുകളിൽ നിന്ന് നൂറുകണക്കിന് രോഗികൾ ചികിത്സയ്ക്ക് എത്തുന്നയിടമാണ് ചേരാനല്ലൂർ ആയുർവേദ ആശുപത്രി.
എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിലെ 56.06 ലക്ഷം രൂപ ചെലവഴിച്ചാണ് ആശുപത്രി കെട്ടിടം നിർമിച്ചത്. ഫെബ്രുവരിയിലായിരുന്നു ഉദ്ഘാടനം. ഉദ്ഘാടനം കഴിഞ്ഞ് അധിക നാൾ പിന്നിടുംമുൻപ് കെട്ടിടത്തിന്റെ ചോർച്ച മൂലം ഒരു ഭിത്തി പൂർണമായും നനഞ്ഞു. ഏഴ് മാസം തികയും മുൻപ് ഈ അവസ്ഥയാണെങ്കിൽ ഇനി എത്രനാൾ കെട്ടിടം നിലനിൽക്കും എന്ന ചോദ്യമാണ് നാട്ടുകാരും ആശുപത്രി ജീവനക്കാരും ഉയർത്തുന്നത്. കെട്ടിട നിർമാണത്തിൽ വൻ അഴിമതിയാണ് നടന്നിരിക്കുന്നതെന്ന ആരോപണമുയർന്നിട്ടുണ്ട്. ഇതേകുറിച്ച് വിജിലൻസ് അന്വേഷിക്കണമെന്ന് ന്യൂനപക്ഷ മോർച്ച കൂവപ്പടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.