denise
പ്രതി ഡെനീഷ് ജോയി

അങ്കമാലി: അങ്കമാലിയിൽ പൊലീസിന്റെ വൻ സ്പിരിറ്റ് വേട്ടയിൽ 2345 ലിറ്റർസ്പിരിറ്റും 954 ലിറ്റർ മദ്യവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് തൃശൂർ ആളൂർ വെള്ളാഞ്ചിറ പാലപ്പെട്ടി കോളനി വാളിയാങ്കൽ വീട്ടിൽ ഡെനീഷ് ജോയി (32), ഭാര്യ അശ്വതി (30) എന്നിവരെ അങ്കമാലി പൊലീസ് അറസ്റ്റുചെയ്തു. അങ്കമാലി സെന്റ് ജോസഫ് ഹൈസ്കൂളിന് സമീപമുള്ള വാടകവീട്ടിൽനിന്നാണ് സ്പിരിറ്റും മദ്യവും കണ്ടെടുത്തത്.

പൊലീസ് പറയുന്നത്: മഞ്ഞപ്ര സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വീട് ഒരുവർഷംമുമ്പാണ് മുപ്പതിനായിരംരൂപ മാസവാടകയ്ക്ക് ഇവർ എടുത്തത്. പിടിയിലായവർ ഇടനിലക്കാരാണെന്നാണ് സൂചന. ഇവരുടെ മൊബെൽഫോണിലെത്തുന്ന സന്ദേശമനുസരിച്ചാണ് വാഹനങ്ങളിൽ സ്പിരിറ്റും മദ്യവും എത്തിക്കുന്നതും തിരിച്ച് കയറ്റിഅയക്കുന്നതും. തമിഴ്നാട്ടിൽ നിന്നാണ് ഇവിടേക്ക് സ്പിരിറ്റ് എത്തിയിരുന്നത്. കന്നാസുകളിലും കുപ്പികളിലുമായാണ് സ്പിരിറ്റുംമദ്യവും സൂക്ഷിച്ചിരുന്നത്. എല്ലാ ആഴ്ചയിലും ഇവിടേക്ക് സ്പിരിറ്റ് എത്തിച്ചിരുന്നു. മദ്യക്കുപ്പിയിൽ ഒട്ടിക്കുന്ന സർക്കാർ മുദ്രകളും (ഹോളോഗ്രാം) ഇവിടെനിന്ന് കിട്ടിയിട്ടുണ്ട്.

ഇന്നലെ ചാലക്കുടി പൊലീസിന്റെ പട്രോളിംഗിനിടെ കാറിൽ കടത്തുകയായിരുന്ന 15 കന്നാസ് സ്പിരിറ്റ് പിടിച്ചു. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് അന്വേഷണം അങ്കമാലിയിലെത്തിയത്. തൃശൂർ റൂറൽ പൊലീസ് വിവരം അങ്കമാലി എസ്.എച്ച്.ഒ യെ അറിയിച്ചു. തുടർന്ന് ആലുവ ഡിവൈ.എസ്.പി പി.കെ.ശിവൻകുട്ടി, ഇൻസ്പെക്ടർ സോണി മത്തായി, എസ്.ഐമാരായ എൽദോ പോൾ, എസ് ഷെഫിൻ, എ.എസ്.ഐ എ.വി സുരേഷ്, എസ്.സി.പി.ഒ എം.ആർ. മിഥുൻ, അജിതാ തിലകൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്പിരിട്ടും മദ്യവും കണ്ടെത്തിയത്.