കൊച്ചി: പാവപ്പെട്ട രോഗികൾക്ക് സൗജന്യചികിത്സ നൽകാൻ കളമശേരി മെഡിക്കൽ കോളേജിൽ 'മദദ് ഫണ്ട് ' സ്വരൂപിക്കുന്നു. ആദ്യസംഭാവനയായി കളക്ടർ 25,000 രൂപ നൽകി. അഗതികൾക്കും പാവപ്പെട്ടവർക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും അടിയന്തര ഘട്ടത്തിൽ സൗജന്യചികിത്സ ഉറപ്പാക്കുന്നതിനാണ് സംഭാവനകൾ സ്വീകരിച്ച് മദദ് ഫണ്ട് സ്വരൂപിക്കുന്നത്.
മന്ത്രി പി. രാജീവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മെഡിക്കൽ കോളേജ് വികസന സൊസൈറ്റിയോഗം പദ്ധതിക്ക് അനുമതിനൽകി. ഒരു വർഷത്തേയ്ക്കുള്ള പദ്ധതികളും യോഗം അംഗീകരിച്ചു.
ഹൈബി ഈഡൻ എം.പി, മെഡിക്കൽ സൂപ്രണ്ട് ഡോ. എം. ഗണേഷ് മോഹൻ, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഗീതാ നായർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
നടപ്പാക്കുന്ന പദ്ധതികൾ
വിവിധ വിഭാഗങ്ങൾ എവിടെയാണെന്ന് എളുപ്പം മനസിലാകുന്ന വിധം ഇന്ററാക്ടീവ് ഫെസിലിറ്റി മാപ്പ് സംവിധാനമുണ്ടാക്കും.
24 മണിക്കൂറും പ്രവർത്തിക്കുന്ന ഫാർമസി, കാന്റീൻ, യൂട്ടിലിറ്റി സ്‌റ്റോർ
വിഷബാധയേറ്റ് വരുന്നവരുടെ സാമ്പിളുൾ പരിശോധിക്കാൻ ടോക്‌സിക്കോളജി ലാബ്
അൾട്രാസൗണ്ട് സ്‌കാനിംഗ് സൗകര്യം 24 മണിക്കൂർ ലഭ്യമാക്കും.
ജീവനക്കാർക്ക് ബിഹേവിയർ ആൻഡ് മോട്ടിവേഷണൽ ട്രെയിനിംഗ്. എല്ലാ മാസവും രണ്ട് ക്ലാസ് വീതം ഉണ്ടാകും. ആശുപത്രിയുടെ സേവനം കൂടുതൽ മികച്ചതാക്കുകയാണ് ലക്ഷ്യം.
എംപ്ളോയ്മെന്റ് വഴി 50 നഴ്‌സുമാരെയും 40 ക്ലീനിംഗ് ജീവനക്കാരെയുമുൾപ്പെടെ 160 പേരെ നിയമിക്കും.
ആശുപത്രി വികസന സൊസൈറ്റി ജീവനക്കാരുടെ ശമ്പളം 2022 ഏപ്രിൽ മുതൽ മുൻകാല പ്രാബല്യത്തോടെ പത്തുശതമാനം വർദ്ധിപ്പിക്കും.
കൊവിഡ് രോഗികളുടെ മൃതദേഹങ്ങൾ കൈകാര്യംചെയ്തവർക്ക് പ്രത്യേകതുക.
ഒ.പി ടിക്കറ്റ് നിരക്ക് 5 രൂപയായും ബെഡ് ചാർജ് 20 രൂപയായും വർദ്ധിപ്പിച്ചു. പേവാർഡ്, ആംബുലൻസ്, പാർക്കിംഗ് (ഓട്ടോ, ടാക്‌സി) നിരക്കുകളിൽ മാറ്റമില്ല.