കൊച്ചി: മുസ്ലിംലീഗ് സംസ്ഥാന ഉന്നതാധികാര സമിതി, സംസ്ഥാന പ്രവർത്തകസമിതി യോഗങ്ങൾ കൊച്ചിയിൽ ചേർന്നു. അംഗത്വ കാമ്പയിൻ സെപ്തംബർ ഒന്നിന് ആരംഭിക്കും. 25 ലക്ഷം അംഗങ്ങളാണ് കേരളത്തിൽ നിലവിലുള്ളത്.

ജനുവരിയോടെ ശാഖ, പഞ്ചായത്ത്, നഗരസഭ, മണ്ഡലം, ജില്ലാ കമ്മിറ്റികൾ രൂപീകരിച്ച് പുതിയ സംസ്ഥാനകമ്മിറ്റി നിലവിൽ വരുംവിധമാണ് കാമ്പയിൻ. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള സമരപരിപാടികൾ ഊർജിതമാക്കും. യു.ഡി.എഫുമായി സഹകരിച്ചും ഒറ്റയ്ക്കും സമരങ്ങൾ നടത്തും.

വഖഫ് നിയമനം സംബന്ധിച്ച് മുഖ്യമന്ത്രി മതനേതാക്കൾക്ക് നൽകിയ ഉറപ്പുപാലിക്കണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം ആവശ്യപ്പെട്ടു. കെ.കെ. രമയ്ക്കെതിരായ എം.എം. മണിയുടെ പരാമർശം മ്ലേച്ഛമാണ്. മണി പിന്തുടരുന്നത് മുഖ്യമന്ത്രിയുടെ പദാവലിയാണ്. മണി മാപ്പ് പറയുന്നതാണ് മാന്യത. എ.കെ.ജി സെന്റർ ആക്രമണത്തിലെ പ്രതികളെ കണ്ടെത്താനാവാത്ത പൊലീസ് ജനങ്ങളെ എങ്ങനെ സംരക്ഷിക്കും. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നതിൽ മുഖ്യമന്ത്രി ദയനീയ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.