young

കൊച്ചി: ടൈ യംഗ് എന്റർപ്രണേഴ്‌സ് ഗ്ലോബൽ പിച്ച് മത്സരത്തിൽ വിജയികളായ കാക്കനാട് ഭവൻസ് ആദർശ വിദ്യാലയത്തിലെ അനശ്വര രമേഷ്, ദക്ഷിണ ചാരുചിത്ര, ആദിത്യ ദിനേശ്, മനോജ് കൃഷ്ണ കെ എന്നിവരുൾപ്പെട്ട സിറ്റ്‌ലൈൻ ടീമിനെ ടൈ കേരള ആദരിച്ചു. അന്താരാഷ്ട്ര മത്സരത്തിൽ ഒന്നാം സ്ഥാനമാണ് ടീം നേടിയത്.

അന്താരാഷ്ട്ര യുവ സംരംഭക മത്സരത്തിൽ വിജയിക്കുന്ന ആദ്യ ഇന്ത്യൻ ടീമെന്നത് മികച്ച നേട്ടമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. വ്യാവസായിക സാഹചര്യം മെച്ചപ്പെടുത്താനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങൾ ഫലം കണ്ടുതുടങ്ങി. ഈസ് ഒഫ് ബിസിനസ് സ്ഥാനം 15ൽ നിന്ന് അടുത്ത വർഷം 10 നുള്ളിൽ കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു.

സ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള ടൈ യംഗ് എന്റർപ്രണേഴ്‌സ് ഇനിഷ്യേറ്റീവ് ഈ വർഷം നൂറിലധികം സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് ടൈ കേരള മുൻ പ്രസിഡന്റ് അജിത് മൂപ്പൻ പറഞ്ഞു.

സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകൾ ഉൾപ്പെടെ 12 സ്‌കൂളുകളിൽ നിന്നായി 2,500 കുട്ടികൾ സംസഥാനതല മത്സരങ്ങളിൽ പങ്കെടുത്തതായി ടൈ കേരള പ്രസിഡന്റ് അനിഷാ ചെറിയാൻ പറഞ്ഞു. മേയർ എം. അനിൽകുമാർ, കെ.എസ്‌.ഐ.ഡി.സി എം.ഡി എം.ജി. രാജമാണിക്യം, ടൈ യംഗ് എന്റർപ്രണേഴ്‌സ് ചെയർ വിനോദിനി സുകുമാർ, ടൈ കേരള എക്‌സിക്യൂട്ടീവ് ഡയറക്ടർ അരുൺ നായർ എന്നിവർ പങ്കെടുത്തു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 20 ടീമുകളാണ് ഫൈനലിൽ മത്സരിച്ചത്.