കൊച്ചി: കൊച്ചിയിലെത്തുന്നവർ ജാഗ്രതെെ. ഭാഗ്യമുണ്ടെങ്കിൽ പട്ടികടി കൊള്ളാതെ വീട്ടിലേക്ക് മടങ്ങാം. മെട്രോ നഗരത്തിൽ വിലസുകയാണ് തെരുവുനായ്ക്കൾ. തിരക്കേറിയ ജംഗ്ഷനുകളിലും ആളൊഴിഞ്ഞ സ്ഥലങ്ങളിലുമുൾപ്പെടെ അലഞ്ഞു തിരിയുകയാണ് ഇവ. കാൽനട യാത്രക്കാർക്കും ഇരുചക്രവാഹനങ്ങൾക്കും ഒരുപോലെ ഭീഷണി. കൊവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം തട്ടുകടകളും വഴിയോര മത്സ്യക്കച്ചവടങ്ങളും വ്യാപകമായതോടെയാണ് തെരുവുനായ്ക്കൾ വീണ്ടും വർദ്ധിച്ചത്.
മാലിന്യം കൂടുന്നു,
തെരുവുനായ്ക്കളും
മാലിന്യം റോഡരികിൽ തള്ളുന്നത് ഇവരുടെ ശല്യം വർദ്ധിക്കാനും കാരണമാകുന്നുണ്ട്. കടത്തിണ്ണകളും ആളൊഴിഞ്ഞ പ്രദേശങ്ങളുമാണ് ഇവയുടെ ആവാസകേന്ദ്രം. രാത്രിയിൽ ഇരുചക്ര വാഹനയാത്രികരുടെയും മറ്റും മുന്നിലേക്ക് നായ്ക്കൾ ചാടുന്നത് അപകടങ്ങൾക്കും കാരണമാകുന്നു. എ.ബി.സി പദ്ധതി മന്ദഗതിയിലായതാണ് പ്രതിസന്ധി.
ഇവിടെ സീനാണ്
എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ പരിസരം, ഇ.എസ്.ഐ ആശുപത്രി പരിസരം, എസ്.ആർ.എം റോഡ്, ചിറ്റൂർ റോഡ്, ക്യൂൻസ് വാക്ക് വേ, കലൂർ ബസ് സ്റ്റാൻഡ് പരിസരം, കലൂർ സ്റ്റേഡിയത്തിന് പുറത്തെ റോഡ്, എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിലാണ് നായ്ക്കൾ കൂട്ടമായി തമ്പടിച്ചിരിക്കുന്നത്.
എ.ബി.സി പദ്ധതി
നഗരത്തിൽ കോർപറേഷന്റെ നേതൃത്വത്തിൽ വന്ധ്യംകരണം നടത്തുന്നുണ്ടെങ്കിലും നായ്ക്കളുടെ എണ്ണത്തിൽ കുറവ് വന്നിട്ടില്ല. കഴിഞ്ഞ ആറു വർഷത്തിനിടെ 6900 നായ്ക്കളെയാണ് വന്ധ്യംകരണം ചെയ്തത്.
കുടുംബശ്രീ പദ്ധതി
തെരുവ് നായ വന്ധ്യംകരണം നടത്തുന്നതിനായി കുടുംബശ്രീയുടെ പരിശീലനം ലഭിച്ച നാല് സംഘങ്ങൾ ജില്ലയിൽ ഉണ്ടായിരുന്നു. എന്നാൽ ഇവരുടെ പ്രവർത്തനം ഹൈക്കോടതി സ്റ്റേ ചെയ്തു. 2018 മുതൽ തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, വയനാട് എന്നീ എട്ടു ജില്ലകളിൽ കുടുംബശ്രീ വന്ധ്യംകരണ കേന്ദ്രങ്ങൾ നടത്തി. കുടുംബശ്രീക്കൊപ്പം വിദഗ്ദ്ധർ ഇല്ലെന്ന കേസിലാണ് ഹൈക്കോടതി ഉത്തരവുണ്ടായത്. കുടുംബശ്രീ എംപാനൽ ചെയ്ത പരിശീലനം ലഭിച്ചവരാണ് നായ പിടുത്ത സംഘത്തിലുള്ളത്. വേൾഡ് വൈഡ് വെറ്ററിനറി സെന്ററിന്റെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം നേടിയവരാണിവർ. ജില്ലയിൽ 4 എ.ബി.സി യൂണീറ്റുകളാണുള്ളത്. ആലങ്ങാട് ശ്രദ്ധ,സുരക്ഷ, മലയാറ്റൂർ ജനിക, പട്ടിമറ്റം ബി.പ്രൗഡ്. ജില്ലയിൽ ഇതുവരെ 15,464 നായ്ക്കളെയാണ് 4 സംഘങ്ങളും ചേർന്ന് പിടികൂടി വന്ധ്യംകരിച്ചത്.
ജില്ലയിൽ വന്ധ്യംകരണം നടക്കുന്നുണ്ട്. നാലംഗ സംഘമാണ് നായ പിടിത്തത്തിന് എത്തുന്നത്. ബ്രഹ്മപുരത്തെ എ.ബി.സി ആശുപത്രിയിലാണ് വന്ധ്യംകരണം.
ടി.കെ.അഷ്റഫ്
ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ
കൊച്ചി കോർപറേഷൻ
ജില്ലയിൽ കുടുംബശ്രീ നടത്തുന്ന എ.ബി.സി പദ്ധതിയ്ക്ക് ഹൈക്കോടതി സ്റ്റേ വന്നതുമായി ബന്ധപ്പെട്ട് ആനിമൽ വെൽഫെയർ ബോർഡ് പരിശോധനയ്ക്ക് എത്തിയിരുന്നു. ഇവരുടെ റിപ്പോർട്ട് വന്നതിന് ശേഷമേ ഇത് തുടരണോ എന്നകാര്യത്തിൽ തീരുമാനമാകൂ.
ഡോ. പി.എം. രജന
ജില്ലാ ചീഫ് വെറ്ററിനറി ഓഫീസർ