ramayanamasam-piravom
അനൂപ് ജേക്കബ് എം.എൽ.എ ഭദ്രദീപം തെളിച്ച് നാലമ്പല തീർത്ഥാടനം ഉദ്ഘാടനം ചെയ്യുന്നു

പിറവം: രാമായണ മാസത്തിൽ നാലമ്പല ദർശനത്തിന് തുടക്കമായി. ദാശരഥികളായ ശ്രീരാമ,ഭരത,ലക്ഷ്മണ,ശത്രുഘ്‌നന്മാരെ ഒരേദിവസം കണ്ട് തൊഴാനുളള യാത്രയാണ് നാലമ്പല തീർത്ഥാടനം. ഉച്ചപ്പൂജയ്ക്ക് മുമ്പ് നാല് ക്ഷേത്രങ്ങളിലുമെത്തി ദർശനം നടത്തുന്നതാണ് പാരമ്പര്യ രീതി. ജില്ലയിൽ രാമമംഗലം മാമ്മലശേരി ശ്രീരാമസ്വാമി ക്ഷേത്രം കേന്ദ്രമാക്കിയാണ് നാലമ്പല തീർത്ഥാടനം തുടങ്ങുന്നത്. രാമമംഗലത്തിന് ചുറ്റുവട്ടത്താണ് നാല് ക്ഷേത്രങ്ങളും. രാമമംഗലത്തുനിന്ന് നാലുകിലോമീറ്റർ തെക്കുമാറി മാമ്മലശേരിൽ പുഴയോരത്താണ് പൗരാണികമായ ശ്രീരാമസ്വാമി ക്ഷേത്രം. നാല് കിലോമീറ്റർ കിഴക്കുമാറി മേമ്മുറിയിലാണ് ഭരതസ്വാമി ക്ഷേത്രം. കിഴുമുറിയിലെ ലക്ഷ്മണസ്വാമി ക്ഷേത്രം നാമാവശേഷമായ സാഹചര്യത്തിൽ മുളക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രം ഉൾപ്പെടുത്തിയാണ് നാലമ്പല തീർത്ഥാടനം ചിട്ടപ്പെടുത്തിയത്. മാമ്മലശേരിയിൽ കാവുങ്കടയ്ക്കടുത്താണ് ശത്രുഘ്‌നസ്വാമി ഷേത്രം. 27 കിലോമീറ്റർ യാത്രചെയ്ത് നാലിടത്തും ദർശനം നടത്താം. നാട്ടില മറ്റ് ക്ഷേത്രങ്ങളിലും രാമായണ മാസക്കാലത്ത് വിശേഷാൽ ചടങ്ങുകളുണ്ട്.

 മുളക്കുളത്ത് തീർത്ഥാടനത്തിന് ദീപം തെളിഞ്ഞു

കർക്കടക സംക്രമസന്ധ്യയിൽ മുളക്കുളം തിരുമൂഴിക്കുളം ശ്രീലക്ഷ്മണ സ്വാമി ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ നാലമ്പല തീർത്ഥാടനത്തിന് ദീപം തെളിഞ്ഞു. അനൂപ് ജേക്കബ് എം.എൽ.എ നാലമ്പല തീർത്ഥാടനം ഉദ്ഘാടനം ചെയ്തു. തിരുവിതാംകൂർ ദേവസ്വംബോർഡ് മെമ്പർ പി.എം തങ്കപ്പൻ അദ്ധ്യക്ഷനായി.
ക്ഷേത്രം തന്ത്രി മനയത്താറ്റ് അനിൽ ദിവാകരൻ നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തി. മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. വാസുദേവൻ നായർ, രാമമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.പി ജോർജ്, ഡെപ്യൂട്ടി ദേവസ്വംകമ്മിഷണർ വി. കൃഷ്ണകുമാർ, അസി.ദേവസ്വം കമ്മിഷണർ മുരാരി ബാബു, വാർഡ് മെമ്പർമാരായ കെ.ആർ. അരുൺകുമാർ, എ.കെ. ഗോപാലൻ, ക്ഷേത്രം ഉപദേശക സമിതിഅംഗം സി.പി. ശശികുമാർ, ജില്ലാ നാലമ്പല കമ്മറ്റി സെക്രട്ടറി പി.പി. സുരേഷ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു.