
മൂവാറ്റുപുഴ:ജന്മസിദ്ധമായ ചിത്രകലാവാസനയെ കാലിഗ്രഫിയിലേക്ക് വഴിമാറ്റി മികവ് അടിവരയിട്ട് ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടംനേടിയ മുഹമ്മദ് ഹിസാമിന് പായിപ്ര ഗ്രാമ പഞ്ചായത്തിന്റെ ആദരം. ആദരിക്കൽ ചടങ്ങിൽ
മുഹമ്മദ് ഹിസാമിന് പഞ്ചായത്ത് അംഗം മുഹമ്മദ് ഷാഫി മെമെന്റോ കൈമാറി. മുസ്ലിം ലീഗ് ശാഖാ പ്രസിഡന്റ് അഫ്സൽ നെല്ലിമറ്റം അദ്ധ്യക്ഷത വഹിച്ചു.
പേഴക്കാപ്പിള്ളി സ്വദേശിയായ ഹിസാം സൗദി അറേബ്യയിലെ റിയാദ് അൽ ആലിയ സ്കൂളിലെ പത്താംതരം വിദ്യാർത്ഥിയാണ്. ചിത്രകലയിൽ താത്പര്യമുണ്ടെങ്കിലും അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് കാലിഗ്രഫിയിലേക്ക് ചുവടുമാറിയത്. ഇതുവരെ 200ലധികം സൃഷ്ടികൾ പൂർത്തിയാക്കി. മുഹമ്മദ് ഹിസാമിന്റെ സൃഷ്ടികൾ പലരും നല്ല വില കൊടുത്ത് സ്വന്തമാക്കിയിരുന്നു. മൂന്ന് മണിക്കൂറുകൊണ്ട് പൂർത്തിയായ രചനകളും ദിവസങ്ങളോളമെടുത്ത് പൂർത്തീകരിച്ചവയും ഹിസാമിന്റെ പക്കലുണ്ട്. അറബിക് ഭാഷയിൽ കാലിഗ്രഫി ചെയ്യുന്നതാണ് കൂടുതൽ ഇഷ്ടം. സ്വന്തം കൈപ്പടയിൽ എഴുതുന്ന ഖുർആന്റെ രചനയും പുരോഗമിക്കുന്നു. സൗദിയിലെ നിരവധി എക്സിബിഷനുകളിൽ ഈ അക്ഷരമെഴുത്തുകൾ പ്രദർശിപ്പിച്ചിരുന്നു. സ്വദേശത്തും വിദേശത്തും നടന്ന നിരവധി കാലിഗ്രഫി മത്സരങ്ങളിലും മുഹമ്മദ് ഹിസാം വിജയിയായിട്ടുണ്ട്. റിയാദ് ബത്തയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന പായിപ്ര പതിനേഴാം വാർഡ് മൂലയിൽ മുജീബ് ആണ് പിതാവ്. റിയാദിലെ മോഡേൺ ഇന്റർനാഷണൽ സ്കൂളിലെ അദ്ധ്യാപിക ഹസീനയാണ് മാതാവ്. സഹോദരി: മിൻഹ മുജീബ്.