ആലുവ: ഭൂഗർഭ കുടിവെള്ള പൈപ്പിന്റെ അറ്റകുറ്റപ്പണിക്ക് ജലവിഭവവകുപ്പ് മന്ത്രി ഇടപ്പെട്ടതോടെ വേഗത്തിൽ പരിഹാരം. 24 മണിക്കൂർ പിന്നിട്ടിട്ടും അറ്റകുറ്റപ്പണി നടത്താതിരുന്ന ഉദ്യോഗസ്ഥർ മന്ത്രി റോഷി അഗസ്റ്റിൻ നേരിട്ട് ഇടപെട്ടതോടെ ഇന്നലെ അവധിദിനമായിരുന്നിട്ടും പരിഹരിച്ചു.
ആലുവ നഗരസഭ നസ്രത്ത് ടൗൺലിമിറ്റ് റോഡിൽ എസ്.എൻ.ഡി.പി യോഗം പട്ടേരിപ്പുറം ശാഖായോഗം ഓഫീസിന് സമീപം ശനിയാഴ്ചയാണ് കുടിവെള്ളപൈപ്പ് പൊട്ടിയത്. പ്രദേശവാസികൾ പലവട്ടം ഓഫീസിൽ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. നഗരസഭയുടെ അതിർത്തി പങ്കിടുന്ന ചൂർണിക്കര പഞ്ചായത്തിലെ ഒന്നുംരണ്ടും വാർഡുകളിലും കുടിവെള്ളം മുട്ടി. പ്രദേശവാസികൂടിയായ കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡൊമിനിക് കാവുങ്കലാണ് വിഷയം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
സമീപത്തെ മൂന്നോളം വാൽവുകൾ അടച്ചശേഷം ഇന്നലെ രാവിലെതന്നെ അറ്റകുറ്റപ്പണി തുടങ്ങി. ഉച്ചയ്ക്ക് രണ്ടോടെ മേഖലയിലെ കുടിവെള്ള വിതരണം പുന:സ്ഥാപിച്ചു.