bird-on-cockpit

കൊച്ചി: എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ ബഹ്റെെൻ - കൊച്ചി ഫ്ളൈറ്റ് 37,000 അടി ഉയരത്തിൽ പറക്കവേ കോക്ക്പിറ്റിൽ കിളിയെ കണ്ടെത്തി. വെള്ളിയാഴ്ചയുണ്ടായ സംഭവത്തെക്കുറിച്ച് ഡയറക്ടർ ജനറൽ ഒഫ് സി​വി​ൽ ഏവി​യേഷൻ (ഡി.ജി.സി.എ) അന്വേഷി​ക്കുന്നുണ്ട്. വിമാനം നെടുമ്പാശേരിയിൽ എത്തിയപ്പോൾ ടെക്നീഷ്യന്മാർ കിളിയെ പിടികൂടി പറത്തിവിടുകയായിരുന്നു.

കൊച്ചി​യി​ൽ നി​ന്ന് ബഹ്റൈ​നി​ലേക്ക് പോയ ബോയിംഗ് 737 എെ.എക്സ് 474 വി​മാനത്തി​ന്റെ മടക്കയാത്രയി​ലാണ് സംഭവം. ബഹ്റൈ​ൻ വി​മാനത്താവളത്തി​ൽ നി​ന്ന് പറന്നുയരും മുമ്പേ ഫ്ളൈറ്റ് ഡെക്ക് പരി​ശോധനയ്ക്ക് കയറി​യ എൻജി​നി​യർ കോക്ക്പി​റ്റി​ൽ കുരുവി​യെ കണ്ടി​രുന്നു. പി​ടി​ക്കാൻ ശ്രമി​ച്ചെങ്കിലും സാധി​ച്ചി​ല്ല. തനി​യെ പറന്നു പോകാനായി​ ഫ്ളൈറ്റ് ഡെക്കി​ലെ ജനാല തുറന്നുകൊടുത്തി​ട്ട് എൻജി​നി​യർ പുറത്തേക്ക് പോയി​. ഡ്യൂട്ടി മാറി​ക്കയറുന്ന പുതി​യ പൈലറ്റുമാരെയും ജീവനക്കാരെയും കാത്തുകി​ടക്കുകയായി​രുന്നു ഈ സമയം വി​മാനം. പത്ത് മി​നി​റ്റ് കഴിഞ്ഞ് എൻജിനിയർ മടങ്ങി​യെത്തി​യപ്പോഴേക്കും കുരുവി​ അപ്രത്യക്ഷമായി​രുന്നു. വൈകാതെ വി​മാനം കൊച്ചി​യി​ലേക്ക് യാത്ര തുടങ്ങി​. 37,000 അടി​ ഉയരത്തി​ൽ പറക്കവേ കുരുവി​ വീണ്ടും കോക്ക്പി​റ്റി​ൽ പ്രത്യക്ഷപ്പെട്ടു. ഗ്ളൗവ് കമ്പാർട്ട്മെന്റി​ന് സമീപം സമാധാനപൂർവം 'വിശ്രമിക്കുക'യായിരുന്നു കുരുവി. കൊച്ചിയിൽ ഇറങ്ങിയ ശേഷം ടെക്നീഷ്യന്മാർ അകത്ത് കയറി പിടികൂടി പുറത്തെത്തിച്ച് പറത്തിവിട്ടു.