കളമശേരി: അഗതികളായ രോഗികൾക്ക് കാരുണ്യസ്പർശമേകാൻ കളമശേരി മെഡിക്കൽ കോളേജിൽ 'മദദ് ഫണ്ട്' ആരംഭിച്ചു. ആദ്യ സംഭാവനയായി ജില്ലാ കളക്ടർ ജാഫർ മാലിക് 25,000 രൂപ കൈമാറി. മന്ത്രി പി.രാജീവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മെഡിക്കൽ കോളേജ് വികസന സൊസൈറ്റി യോഗത്തിന്റേതാണ് തീരുമാനം.


മെഡിക്കൽ കോളേജിൽ എത്തുന്നവർക്ക് ഒരോ വിഭാഗങ്ങളും എവിടെയാണ് സ്ഥിതിചെയ്യുന്നതെന്ന് അനായാസം മനസിലാക്കാൻ സഹായിക്കുന്ന ഇന്റർആക്ടീവ് ഫെസിലിറ്റി മാപ് സംവിധാനം സ്ഥാപിക്കും. ആശുപത്രിയുടെ വിവിധ ഇടങ്ങളിൽ സ്ഥാപിക്കുന്ന കിയോസ്‌കുകളിലെ ബട്ടൺ അമർത്തിയാൽ ഓരോ വിഭാഗത്തെക്കുറിച്ചും അറിയുംവിധമാണ് സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. പുതിയ കാന്റീനും യൂട്ടിലിറ്റി സ്‌റ്റോറും തുടങ്ങാനും തീരുമാനമായി.

വിഷബാധയേറ്റ‌വരുടെ സാംപിളുകൾ പരിശോധിക്കാൻ ടോക്‌സിക്കോളജി ലാബ്, അൾട്രാ സൗണ്ട് സ്‌കാനിംഗ് സൗകര്യം,24 മണിക്കൂറുംപ്രവർത്തിക്കുന്ന ഫാർമസി സ്റ്റോർ എന്നിവയും തുടങ്ങും. പുതിയതായി 50 സ്റ്റാഫ് നഴ്‌സുകളെയും 40 ക്ലീനിംഗ് ജീവനക്കാരെയുമുൾപ്പെടെ 160 പേരെ നിയമിക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.

കളക്ടർ ജാഫർ മാലിക്, ഹൈബി ഈഡൻ എം.പി, മെഡിക്കൽ സൂപ്രണ്ട് ഡോ.എം.ഗണേഷ് മോഹൻ, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഗീത നായർ, വികസന സമിതി അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.