വിവാദങ്ങളോടും പ്രതിസന്ധികളോടും മല്ലിട്ട് പൂർത്തിയാക്കിയ ഫ്ളഷ് അന്താരാഷ്ട്ര വനിത ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ചത് വലിയ അംഗീകാരമാണെന്ന് അയിഷ സുൽത്താന പറയുന്നു

എല്ലാ പ്രതിസന്ധികളെയും 'ഫ്ലഷ് ' ചെയ്ത് വീണ്ടും പടികൾ കയറുകയാണ് ലക്ഷദ്വീപിന്റെ സ്വന്തം സംവിധായിക അയിഷ സുൽത്താന. വിവാദങ്ങളോടും പ്രതിസന്ധികളോടും മല്ലിട്ട് പൂർത്തിയാക്കിയ തന്റെ ചിത്രം ഫ്ലഷ് അന്താരാഷ്ട്ര വനിത ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ചത് തനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകരമാണെന്ന് അയിഷ പറയുന്നു.
എന്താണ് ഫ്ലഷ്
ഫ്ലഷ് ലക്ഷദ്വീപിന്റെ കഥയാണ്. പൂർണ്ണമായും ലക്ഷദ്വീപിൽ ചിത്രീകരിച്ച ചിത്രം. ചിത്രം ആരംഭിച്ചതു മുതൽ നേരിട്ട പ്രതിസന്ധികൾ അത്ര ചെറുതായിരുന്നില്ല. ലക്ഷദ്വീപ് സ്വദേശി ആദ്യമായി ഒരുക്കുന്ന സിനിമയെന്ന പ്രത്യേകതയും ഫ്‌ളഷിനുണ്ട്. ലക്ഷദ്വീപിൽ എത്തുന്ന കേരളീയനായ ഒരാളുടെ ജീവിതമാണ് പ്രമേയം. അയാളിലൂടെ ദ്വീപുകാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ പറഞ്ഞു പോകുകയാണ്. ആരെയും വ്യക്തിപരമായി ചിത്രത്തിൽ അധിക്ഷേപിച്ചിട്ടില്ല. കേരളത്തിലെ വർദ്ധിക്കുന്ന ആത്മഹത്യാ പ്രവണതയും പ്രതിരോധ മാർഗങ്ങളും ഫ്‌ളഷിന്റെ സന്ദേശമാണ്. സ്വപ്നചിത്രത്തിന്റെ ഷൂട്ട് കൊവിഡിനെ തുടർന്ന് നടക്കാതെ വന്നപ്പോൾ മനസിൽ തോന്നിയ കഥയാണ് ചിത്രത്തിന് ആധാരം. ഷൂട്ടിംഗിനായി ലക്ഷദ്വീപിൽ എത്തിയപ്പോഴാണ് അവിടെ 144 പ്രഖ്യാപിക്കുന്നതും തുടർന്നുണ്ടായ വിവാദങ്ങളും. ചിത്രത്തിലെ ഒരു ജനക്കൂട്ട രംഗം 2ഡി ആനിമേഷനാണ്. ഒരു മണിക്കൂർ കൊണ്ട് ഷൂട്ട് ചെയ്ത് പോകാൻ പറഞ്ഞതിനാൽ പല സീനുകളും ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്. ഭരണകൂടത്തിന്റെ എതിർപ്പുകൾ മൂലം അഗത്തിയിൽ മാത്രമായിരുന്നു ചിത്രീകരണം. തിരക്കഥയിൽ നിന്നും കുറെയേറെ ഭാഗങ്ങൾ മാറ്റി. 38 ദിവസത്തെ ഷൂട്ട് കഴിഞ്ഞപ്പോഴാണ് രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത്. പിന്നാലെ നടന്നതെല്ലാം ചിത്രത്തെ സാരമായി ബാധിച്ചു. ഡബ്ബിംഗ് നടക്കുമ്പോഴായിരുന്നു കേസ്. ഇതിനിടെ ദ്വീപ് പൊലീസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി. സ്റ്റുഡിയോയിൽ പൊലീസ് എത്തി. പല തവണ വിളിപ്പിക്കുകയും ചെയ്തു.
നിറഞ്ഞ സദസ്
നിറഞ്ഞ സദസിലാണ് അന്താരാഷ്ട്ര വനിത ചലച്ചിത്ര മേളയിൽ ചിത്രം ആദ്യമായി പ്രദർശിപ്പിച്ചത് . പലരും തറയിൽ ഇരുന്നും നിന്നുമാണ് ചിത്രം കണ്ടത്. വലിയ കൈയ്യടിയായിരുന്നു. അത് തന്നെയാണ് എനിക്ക് കിട്ടിയ റിസൾട്ട്. ഇനി ഏതെങ്കിലും ഒ.ടി.ടി പ്ലാറ്റ് ഫോം ചിത്രം ഏറ്റെടുക്കണം. ചിത്രം കേന്ദ്രത്തിലുള്ളവർ കാണണം. എങ്കിൽ ദ്വീപിന്റെ പ്രശ്നം മനസിലാകും. ശേഷം അടുത്ത ചിത്രത്തിന്റെ പ്രവർത്തനങ്ങളിലേക്ക് കടക്കും.
124 എ
124 എ എന്റെ കഥയാണ്. ഞാൻ കടന്നുപോയതും അനുഭവിച്ചതുമായ മാനസിക സംഘർഷങ്ങൾ വിളിച്ചുപറയുന്ന ചിത്രം. ചിത്രത്തിന്റെ ക്ലൈമാക്സ് വരെ വലിയ ട്വിസ്റ്റുകളോടെയാണ് എഴുതി തീർത്തത്. മനസുറച്ച ക്ലൈമാക്സ് എന്നുതന്നെ പറയാം. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സ്ത്രീയുടെ മാനസിക സംഘർഷങ്ങളാണ് സിനിമയിൽ. ക്ലൈമാക്സ് എങ്ങനെ വേണമെന്ന ചിന്തയിൽ തലപുകഞ്ഞ് ആലോചിച്ച് പേനയുമെടുത്തിരുന്നപ്പോഴാണ് രാജ്യദ്രോഹക്കുറ്റം സുപ്രീംകോടതി മരവിപ്പിച്ചത്. പൂ ചോദിച്ചവന് പൂക്കാലം കിട്ടിയ അവസ്ഥ. കേസിൽ നിന്ന് സർവസ്വതന്ത്ര ആയതിന്റെ സന്തോഷം. ഒപ്പം എന്റെ ചിത്രത്തിന് പ്രതീക്ഷിക്കാത്ത ക്ലൈമാക്സും കിട്ടി.
മലയാളത്തിലെ പ്രമുഖ നടിയാണ് പ്രധാന വേഷത്തിലെത്തുന്നത്. എല്ലാ ഭാഷകളിലും ചിത്രം ഒരുക്കും. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലും കളക്ടർ അസ്‌കർ അലിയുമെല്ലാം കഥാപാത്രങ്ങളാകും. രാജ്യദ്രോഹ കേസിന്റെ പേരിലുള്ള ചോദ്യം ചെയ്യൽ വലിയ മാനസികസമ്മർദ്ദമുണ്ടാക്കി. അത് നാടകീയതയില്ലാതെ സിനിമയിൽ അവതരിപ്പിക്കും.
ഷൂട്ടിംഗിനായി ഇനി ലക്ഷദ്വീപിലേക്ക് പോകില്ല. 124ന് വേണ്ടി കവരത്തി പൊലീസ് സ്റ്രേഷനെല്ലാം കേരളത്തിൽ സെറ്റിടും. എല്ലാം ശരിയായാൽ ഒന്നര വർഷത്തിനുള്ളിൽ ചിത്രം റിലീസ് ചെയ്യും.