മൂവാറ്റുപുഴ:ആയവന പഞ്ചായത്ത് കുടുംബായ കേന്ദ്രത്തിന് കെട്ടിടം നിർമിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി വീണാ ജോർജിന് നിവേദനം നൽകി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി.രാജൻ, ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ എം.എസ്. ഭാസ്കരൻ നായർ, പഞ്ചായത്ത് അംഗം ജോസ് പൊട്ടംപുഴ, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് അനീഷ് എം. മാത്യു എന്നിവരാണ് നിവേദനം നൽകിയത്.

ആയവന പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തിയിരുന്നു. പക്ഷേ, പരിമിതമായ സൗകര്യത്തിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്. നൂറുകണക്കിന് രോഗികളാണ് ആശുപത്രിയിൽ ദിവസവും ചികിത്സ തേടിയെത്തുന്നത്. രോഗികൾക്ക് മികച്ച സേവനം നൽകാനാവാത്ത സ്ഥിതിയാണ്. സ്വന്തമായി 98 സെന്റ് സ്ഥലമുള്ള കുടുംബാരോഗ്യകേന്ദ്രത്തിൽ ആധുനിക സംവിധാനങ്ങളൊരുക്കാൻ കഴിയുന്ന തരത്തിലെ പുതിയ കെട്ടിടം നിർമിക്കണം. ആധുനിക ചികിത്സാ സൗകര്യം ലഭിക്കുന്നതോടെ ഗ്രാമീണ മേഖലയിലെ ആയിരക്കണക്കിന് പേർക്ക് പ്രയോജനപ്പെടുമെന്ന് ആരോഗ്യമന്ത്രിയെ ബോദ്ധ്യപ്പെടുത്തിയതായി വൈസ് പ്രസിഡന്റ് കെ.ടി.രാജൻ പറഞ്ഞു.