p

കൊച്ചി: ഏഴ് മാസം മുമ്പ് പുനർനിർമ്മിച്ച ഗോശ്രീ പാലത്തിൽ വീണ്ടും കുഴികൾ നിറഞ്ഞു. ഒന്നാം പാലത്തിലാണ് പ്രശ്നം. ചാത്യാത്ത് റോഡിൽ നിന്നുള്ള കവാടത്തിൽ വലിയ കുഴികളാണ് രൂപപ്പെട്ടത്. രാവിലെയും വൈകിട്ടും ഇവിടെ വലിയ ഗതാഗത കുരുക്കിനും കുഴികൾ വഴിവയ്ക്കുന്നു.

തകർന്ന് തരിപ്പണമായ ഗോശ്രീ പാലത്തിൽ ഇക്കഴിഞ്ഞ ഡിസംബറിലാണ് മൂന്ന് ദിവസം കൊണ്ട് അറ്റകുറ്റപ്പണി നടത്തിയത്. 21 ലക്ഷം രൂപമുടക്കി 400 മീറ്ററിലായിരുന്നു ബി.എം ബി.സി നിലവാരത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ അറ്റകുറ്റപ്പണി. ബി.എം- ബി.സി ടാറിംഗിന് രണ്ടു വർഷം വരെ ഗ്യാരണ്ടിയുണ്ടെന്നിരിക്കെയാണ് റോഡ് പൊട്ടിപ്പൊളിഞ്ഞത്. മൂവാറ്റുപുഴ സ്വദേശിയായ അഷറഫ് അലിയാറാണ് കരാറുകാരൻ. പണിതീർന്നതിനു പിന്നാലെ പൊതുമരാമത്ത് വകുപ്പിനെ അഭിനന്ദിച്ച് കളക്ടർ ജാഫർമാലിക് അന്ന് കുറിപ്പെഴുതുകയും ചെയ്തിരുന്നു.

റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് പി.ഡബ്ല്യു.ഡി റോഡ്സ് വിഭാഗം അറിയിച്ചു. ഗ്യാരന്റി കാലാവധിക്ക് മുന്നേ റോഡ് തകർന്നാൽ കരാറുകാരൻ തന്നെ അത് നന്നാക്കിക്കൊടുക്കണമെന്നാണ് വ്യവസ്ഥ. പാലത്തോട് ചേർന്ന് വരുന്ന ഇരുവശങ്ങളിലെയും കവാടത്തിലേക്ക് എത്തുന്ന റോഡുകൾ സി.എസ്.എം.എല്ലിന്റേതാണെന്നും അവിടുത്തെ കുഴികൾ അടയ്‌ക്കേണ്ട ബാദ്ധ്യത തങ്ങൾക്കില്ലെന്നുമാണ് പി.ഡബ്ല്യു.ഡി വിഭാഗത്തിന്റെ നിലപാട്.

 മസ്റ്റാണ് മാസ്റ്റിക് അസാൾട്ട്
പാലങ്ങൾക്ക് മുകളിൽ മസ്റ്റിക് അസാൾട്ട് എന്ന രീതിയാണ് അവലംബിക്കേണ്ടത്. ഇതിന് ചെലവേറും. അതുകൊണ്ടാണ് സാധാരണ ടാറിംഗോ ബി.എം- ബി.സി ടാറിംഗോ നടത്തുന്നത്. മാസ്റ്റിക് അസാൾട്ട് ടാറിംഗിനെ മഴയൊന്നും ബാധിക്കില്ല.

വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ, ബോൾഗാട്ടി, വൈപ്പിൻ എന്നിവിടങ്ങളിലേക്കുള്ള നിരവധി വാഹനങ്ങൾ കടന്നു പോകുന്ന ഗോശ്രീ പാലങ്ങളിൽ മാസ്റ്റിക് അസാൾട്ട് ടാറിംഗ് തന്നെയാണ് ചെയ്യേണ്ടതെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

 പാലം ജിഡയുടേത്
ഗോശ്രീ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (ജിഡ) ഉടമസ്ഥതയിലാണ് മൂന്ന് ഗോശ്രീ പാലങ്ങളും. കോടിക്കണക്കിന് ഫണ്ട് ഉണ്ടായിട്ടും ജിഡ റോഡിന്റെ അറ്റകുറ്റപ്പണി നടത്തുന്നില്ല. രണ്ട് പാലങ്ങളിൽ ഉണ്ടായ കുഴികൾ ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി നടത്തിയ പ്രതിഷേധ സമരങ്ങളുടെ ഫലമായി ജിഡ അധികൃതർ നേരത്തെ അടച്ചതിനു ശേഷം പിന്നീട് കാര്യമായ പ്രശ്‌നങ്ങൾ ഉണ്ടായിട്ടില്ല.