ആലുവ: കർക്കടവാവ് ബലിയിടൽ ചടങ്ങുകൾക്ക് ഒമ്പത് ദിവസങ്ങൾ ബാക്കി നിൽക്കേ മണപ്പുറം മഹാദേവക്ഷേത്രത്തിൽ നാഥനില്ലാത്ത അവസ്ഥ. മഹാദേവക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി ചുമതലയേറ്റയാൾ തൊട്ടു പിന്നാലെ ദീർഘാവധിയെടുത്തതാണ് വിനയായത്.

പറവൂർ ദേവസ്വത്തിലെ മറ്റൊരു ഉദ്യോഗസ്ഥയ്ക്ക് മണപ്പുറത്തിന്റെ കൂടി അധിക ചുമതല നൽകിയിരിക്കുകയാണ്. ലക്ഷം പേർ എത്തുന്ന കർക്കടവാവ് ഒരുക്കങ്ങൾ നടത്താൻ മുഴുവൻ സമയ ഉദ്യോഗസ്ഥൻ ഇല്ലാത്തത് പ്രതിസന്ധിയാണ്.

ക്ഷേത്രത്തിനകത്തും പ്രദക്ഷിണ വഴിയും ക്ഷേത്ര ചുറ്റുപാടുകളും വൃത്തിഹീനമായി കിടക്കുകയാണ്. ക്ഷേത്ര കോമ്പൗണ്ടിനകത്ത് വഴുക്കലുള്ളതുകൊണ്ട് ഭക്തജനങ്ങൾ തെന്നി വീഴുന്നതും പതിവാണ്. ഒരാഴ്ച മുമ്പ് ദേവസ്വം ബോർഡിന്റെ വാവ് സംബന്ധിച്ചുള്ള അവലോകനം നടത്തിയ മീറ്റിംഗിൽ ഇക്കാര്യം ചർച്ചയായെങ്കിലും പരിഹാരം ഉണ്ടായിട്ടില്ല. നാലമ്പല ദർശനം നടത്തുന്ന ഭക്തജനങ്ങളും മഹാദേവ ക്ഷേത്രത്തിലുമെത്തുന്നതിനാൽ നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്. ക്ഷേത്ര പരിസരം വൃത്തിയാക്കി ബലിതർപ്പണ സൗകര്യങ്ങൾ ഒരുക്കണമെന്ന് തോട്ടയ്ക്കാട്ടുകര ഹൈന്ദവ സേവാസമിതി ആവശ്യപ്പെട്ടു. ഇനിയും വൈകിയാൽ സമരരംഗത്തേക്ക് ഭക്തരെത്തുമെന്ന് സേവാ സമിതി മുന്നറിയിപ്പ് നൽകി.