
കൊച്ചി: ഇന്തോനേഷ്യയിൽ തടവിലുള്ള മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം കഠിനംകുളം സ്വദേശികളായ അനില, ശോഭത, കന്യാകുമാരി സ്വദേശി സെൽവി എന്നിവർ ഹൈക്കോടതിയിൽ ഹർജി നൽകി.
ഹർജിക്കാരുടെ ഭർത്താക്കന്മാരായ സിജിൻ, ജോമോൻ, ഇമ്മാനുവൽ എന്നിവർ അഞ്ച് മത്സ്യത്തൊഴിലാളികൾക്കൊപ്പം കഴിഞ്ഞ ഫെബ്രുവരി 17നാണ് ആൻഡമാനിൽനിന്ന് ബ്ളെസിംഗ് എന്ന ബോട്ടിൽ മീൻപിടിക്കാൻ പോയത്. കടൽക്ഷോഭം നിമിത്തം ബോട്ട് ഉൾക്കടലിൽ അകപ്പെട്ടെന്നും ഇവരെ മാർച്ച് മൂന്നിന് ഇന്തോനേഷ്യൻ നാവികസേന പിടികൂടിയെന്നും ഹർജിയിൽ പറയുന്നു. ഇവരിൽ മലയാളിയായ ഒരാളെയും തമിഴ്‌നാട് സ്വദേശികളായ മൂന്നുപേരെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും ഇന്ത്യൻ എംബസിയുടെയും ഇടപെടലിനെത്തുടർന്ന് മോചിപ്പിച്ചു. ഇവരുടെ കൂട്ടത്തിലുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശിയും ബോട്ടുടമയുമായ മരിയ ജസീന്താസിനെ ഇന്തോനേഷ്യൻ പൊലീസ് കൊലപ്പെടുത്തിയതിന് തങ്ങളുടെ ഭർത്താക്കന്മാർ ദൃക്‌സാക്ഷികളായെന്നും ഈ സംഭവം പുറത്തുപറയുമെന്ന് ഭയന്നാണ് മോചിപ്പിക്കാത്തതെന്നും ഹർജിക്കാർ ആരോപിക്കുന്നു. ജസീന്താസിനെ കൊലപ്പെടുത്തിയ കുറ്റം ഇവരുടെമേൽ ചുമത്താൻ ശ്രമമുണ്ടെന്നും ഇതിനെതിരെ ഇന്തോനേഷ്യയിൽ നിയമസഹായം ലഭ്യമാക്കാൻ ആറുലക്ഷത്തോളംരൂപ ചെലവുവരുമെന്നും ഈ തുക സർക്കാർ നൽകണമെന്നും ഹർജിയിൽ പറയുന്നു.