ആലുവ: 168 മത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങൾ വിപുലമായി ആഘോഷിക്കുവാൻ എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയന് കീഴിലുളള ശാഖ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. യൂണിയൻ പരിധിയിലുള്ള 61 ശാഖകളിലെയും പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറിമാരുടെ യോഗം എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം..എൻ. സോമൻ ഉദ്ഘാടനം ചെയ്തു.
യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എ. എൻ. രാമചന്ദ്രൻ, യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, യൂണിയൻ വൈസ് പ്രസിഡന്റ പി.ആർ. നിർമ്മൽ കുമാർ, ബോർഡ് അംഗങ്ങളായ വി.ഡി. രാജൻ, പി.പി. സനകൻ, കൗൺസിലർമാരായ കെ. കുമാരൻ, സജീവൻ ഇടച്ചിറ എന്നിവർ സംസാരിച്ചു.
ആഗസ്റ്റ് 14ന് പതാക ദിനത്തോടെ തുടക്കം
ആഗസ്റ്റ് 14-ന് പതാക ദിനത്തോടെ ജയന്തി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. 21 യൂണിയൻ യൂത്ത്മൂവ്മെന്റ് സമിതിയുടെ നേതൃത്വത്തിൽ ഇരുചക്ര വാഹനറാലി, സെപ്റ്റംബർ ഒന്നിന് യൂണിയൻ യൂത്ത്മൂവ്മെന്റ്, സൈബർ സേന, കുമാരി സംഘം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ആലുവ അദ്വൈതാശ്രമത്തിൽ നിന്ന് ആരംഭിക്കുന്ന ദിവ്യജ്യോതി റിലേ എന്നിവ നടക്കും. സെപ്റ്റംബർ 2,3,4,5 തീയതികളിൽ ദിവ്യജ്യോതി പ്രയാണം നടക്കും. സെപ്റ്റംബർ 10ന് ദേശീയപാതയിൽ പറവൂർകവലയിൽ നിന്ന് മഹാഹോഷയാത്ര ആരംഭിക്കും. അദ്വൈതാശ്രമത്തിൽ സമാപിക്കും.
സെപ്റ്റംബർ 18ന് ആലുവ എസ്.എൻ.ഡി.പി സ്കൂളിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ ജയന്തി ആഘോഷങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ശാഖകൾക്കും പോഷക സംഘടനകൾക്കുമുള്ള സാമ്മാന വിതരണവും വിദ്യാഭ്യാസ അവാർഡ് വിതരണവും നടക്കും. കുടുംബ യൂണിറ്റ് ഭാരവാഹികളുടെ യോഗം 24ന് ജയന്തി ആഘോഷങ്ങളുടെ മുന്നൊരുക്കങ്ങൾക്കായി ജൂലായ് 24ന് ഉച്ചക്ക് രണ്ട് മണിക്ക് ആലുവ യൂണിയൻ പരിധിയിലെ 360 കുടുംബ യൂണിറ്റ്കളിലെയും കൺവീനർമാർ, ജോ. കൺവീനർമാർ, യൂത്ത്മൂവ്മെന്റ്, സൈബർ സേന, വനിതാ സംഘം, കുമാരി സംഘം, ബാലജനയോഗം, എംപ്ലോയീസ് ഫോറം, പെൻഷൻ കൗൺസിൽ, ശ്രീനാരായണ പഠന കേന്ദ്രം, വൈദിക സമിതി എന്നീ പോഷക സംഘടകളുടെ സംയുക്ത യോഗം നടക്കും. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ ഉദ്ഘാടനം ചെയ്യും.