കോതമംഗലം: ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങുന്നത് കോതമംഗലത്തെ പതിവ് കാഴ്ചയാകുന്നു. വ്യാപകമായി കൃഷി നശിപ്പിക്കുന്ന കാട്ടാനാക്കൂട്ടം ജനങ്ങളുടെ സ്വൈര ജീവിതത്തിന് ഭീഷണിയാവുകയാണ്.
ഞായറാഴ്ച രാത്രി പത്ത് മണിയോടെ കോട്ടപ്പടി പഞ്ചായത്തിലെ പ്രധാന പാതയായ കുറുപ്പംപടി -കൂട്ടിക്കൽ റോഡിലെ വാവേലി റോഡ് മറികടന്ന് ജനവാസ മേഖലയിലേക്ക് കാട്ടാനക്കൂട്ടം എത്തിയത് നാട്ടുകാരെ ആശങ്കയിലാക്കിയിരിക്കുകയാണ്. വാവേലി വെള്ളാംപറമ്പിൽ ഗംഗാധരന്റെ കൃഷിയിടത്തിൽ ഇറങ്ങിയ ആനക്കൂട്ടം മുപ്പതോളം കുലച്ച വാഴകൾ പൂർണമായും നശിപ്പിച്ചു. രണ്ടര വർഷം പ്രായമായ ഇരുപതോളം റബർ തൈകളും നശിപ്പിക്കപ്പെട്ടു. തുടർന്ന് നാട്ടുകാർ സംഘടിച്ചെത്തി ഒച്ചവച്ച് ആനക്കൂട്ടത്തെ കാട്ടിലേക്ക് ഓടിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി മുട്ടത്തുപാറയിൽ മഞ്ഞൾ, ഇഞ്ചി, പൈനാപ്പിൾ മുതലായ കൃഷികൾ കാട്ടാനക്കൂട്ടം നശിപ്പിച്ചിരുന്നു. ഇതിൽ പ്രകോപിതരായ നാട്ടുകാർ വനം വകുപ്പ് ഉദ്യോഗസ്ഥരുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും ചെയ്തു. ആറ് കൊമ്പൻമാരും ഒരു പിടിയാനയുമായിരുന്നു കൃഷിയിടത്തിൽ ഇറങ്ങിയത്. കോട്ടപ്പടി പഞ്ചായത്തിലെ കോട്ടപ്പാറ വനത്തോട് ചേർന്നുള്ള ജനവാസ മേഖലയിലേക്ക് കാട്ടാനകൾ സ്ഥിരം ഇറങ്ങുന്നത് പ്രദേശവാസികളുടെ സ്വൈരജീവിതത്തിന് തടസം സൃഷ്ടിച്ചിരിക്കുകയാണ്. മുമ്പ് ജനവാസമേഖലയിലെ കൃഷി മാത്രം നശിപ്പിച്ചിരുന്ന ആനകൾ ഇപ്പോൾ വീടിനോട് ചേർന്ന തൊഴുത്തിൽ കെട്ടിയിരിക്കുന്ന കന്നുകാലികളെയും മറ്റ് വളർത്ത് മൃഗങ്ങളെയും ഉപദ്രവിക്കുകയും വീടിനുനേരെ ആക്രമണം നടത്തുകയും ചെയ്യുകയാണ്. അടിയന്തരമായി ഫെൻസിംഗ് ഇടുകയും റോഡിനോട് ചേർന്നുള്ള ഭാഗത്തെ മരങ്ങൾ വെട്ടിമാറ്റുകയും ചെയ്യണമെന്ന് വാർഡ് അംഗം സന്തോഷ് അയ്യപ്പൻ ആവശ്യപ്പെട്ടു. കൃഷി നശിച്ചവർക്ക് ഉടൻ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം പറഞ്ഞു.