ആലങ്ങാട്: വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളിൽ പ്രതിയായ സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കരുമാലൂർ വെളിയത്തുനാട് തടിക്കക്കടവ് കൂട്ടുങ്ങപറമ്പിൽ ഉമ്പായി എന്നു വിളിക്കുന്ന ഇബ്രാഹിമിനെ (34) യാണ് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പ ചുമത്തി ജയിലിലടച്ചത്.
കഴിഞ്ഞ മാർച്ചിൽ ദേശീയപാതയിൽ ആലുവ ഭാഗത്ത് തോക്ക് ചൂണ്ടി കൊള്ള നടത്തിയ കേസ് ഉൾപ്പെടെ കൊലപാതക ശ്രമം, ദേഹോപദ്രവം, തട്ടിപ്പ്, ആത്മഹത്യാ പ്രേരണ, ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തൽ, തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തൽ തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ്. നിരന്തര കുറ്റവാളികളായ കൂടുതൽ പേർ നിരീക്ഷണത്തിലുണ്ടെന്നും ഇവർക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്നും ജില്ലാ പൊലീസ് മേധാവി വിവേക് കുമാർ പറഞ്ഞു.