കൊച്ചി: ഇടപ്പള്ളി-കുന്നുംപുറം റോഡ് ടാറിംഗ് ഉടൻ ആരംഭിക്കുമെന്ന് ടി.ജെ. വിനോദ് എം.എൽ.എ അറിയിച്ചു. കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിന് കുഴിച്ച റോഡ് പൂർവസ്ഥിതിയിലാക്കാൻ വൈകിയതാണ് പ്രശ്നകാരണം. ചേരാനല്ലൂർ പ്രദേശത്തെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് വിഭാവനം ചെയ്ത വാടത്തോട് ഓവർഹെഡ് വാട്ടർ ടാങ്കിലേക്കുള്ള കുടിവെള്ള പൈപ്പുകൾ കുന്നുംപുറം വഴിയാണ് കടന്നുപോകുന്നത്. ഒരു മാസത്തിനുള്ളിൽ പൈപ്പിടൽ പൂർത്തീകരിക്കണമെന്നായിരുന്നു നിബന്ധന. എന്നാൽ നിർമ്മാണം പൂർത്തിയാക്കാൻ ജല അതോറിറ്റി എട്ടു മാസമെടുത്തു.

റോഡ് പുനർനിർമാണത്തിന് ജല അതോറിട്ടി പൊതുമരാമത്ത് വകുപ്പിൽ പണം കെട്ടി വെച്ചിരുന്നതാണ്. എന്നാൽ കൊച്ചി കോർപ്പറേഷൻ, തൃക്കാക്കര ഉപതെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരുന്നതിനാൽ ടെൻഡർ നടപടികൾ വൈകി. തുടർച്ചയായി മൂന്ന് ദിവസമെങ്കിലും മഴ മാറിനിന്നാൽ മാത്രമേ ടാറിംഗ് ആരംഭിക്കാൻ പാടുള്ളുവെന്നാണ് പൊതുമരാമത്ത് റോഡ്‌സ് എൻജിനിയറുടെ നിർദ്ദേശമെന്നുംഎം.എൽ.എ പറഞ്ഞു.