മരട്: നിർദ്ദിഷ്ട കൊച്ചി-മൂവാറ്റുപുഴ ആറുവരിപ്പാതയുടെ അലൈൻമെന്റ് സംബന്ധിച്ച് പുതിയ നിർദേശം നടപ്പിലാക്കണമെന്ന് ആവശ്യം. ജനവാസമേഖലയെ ഒഴിവാക്കി നെട്ടൂരിൽ അന്താരാഷ്ട്ര പച്ചക്കറി മാർക്കറ്റിന് സമീപം ചെന്നുചേരുന്ന രീതിയിൽ പുതിയ പ്രൊപ്പോസൽ വന്നിട്ടുള്ളതായാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ ജനവാസ കേന്ദ്രങ്ങളെ ഏറെ ബാധിക്കുന്ന പഴയ പ്രൊപ്പോസൽ ഒഴിവാക്കണമെന്നാണ് മരട് നിവാസികളുടെ ആവശ്യം. വിഷയത്തിൽ മരടിൽ ആക്‌ഷൻ കമ്മിറ്റിയും രൂപീകരിച്ചു.
നിർദ്ദിഷ്ട അലൈൻമെന്റ് കടന്നുപോകുന്ന പ്രദേശത്തെ ജനങ്ങളുടെ യോഗത്തിലാണ് ആക്‌ഷൻ കമ്മിറ്റിക്ക് രൂപം നൽകിയത്. പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ യോഗം ഉദ്ഘാടനം ചെയ്തു. നഗരസഭാ മുൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിൻസൺ പീറ്റർ അദ്ധ്യക്ഷനായി. കൗൺസിലർമാരായ സിബി സേവ്യർ, ബേബി പോൾ, ജെയ്‌നി പീറ്റർ, വിവിധ റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായ ആൻസലം, ചാർളി മൂഴാപ്പിള്ളി, ലാൽബർട്ട് ചെട്ടിയാംകുടി, മോഹൻ എന്നിവർ സംസാരിച്ചു. ആക്‌ഷൻ കമ്മിറ്റി ഭാരവാഹികളായി ജിൻസൺ പീറ്റർ (ചെയർമാൻ), ജോർജ് അലക്സ് നടുവിലവീട് (ജനറൽ കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.