vaccine

കൊച്ചി: 18 വയസിനു മുകളിലുള്ളവർക്ക് സർക്കാർ കേന്ദ്രങ്ങളിൽ സൗജന്യമായി നൽകുന്ന കൊവിഡ് കരുതൽ ഡോസ് വാക്സിൻ സ്വീകരിക്കാൻ എത്തുന്നവർ തീരെക്കുറവെന്ന് റിപ്പോർട്ട്. സൗജന്യ വാക്‌സിനേഷൻ ആരംഭിച്ച് മൂന്ന് ദിവസം പിന്നിടുമ്പോൾ ജില്ലയിലാകെ 2,000ൽ താഴെ ആളുകൾ മാത്രമാണ് കരുതൽ സൗജന്യ ഡോസ് സ്വീകരിച്ചതെന്ന് വാക്സിനേഷൻ നോഡൽ ഓഫീസർ ഇൻചാർജ് ഡോ. സിസി അറിയിച്ചു.

അതിൽ തന്നെ 1,500ലേറെപ്പേർ ഇന്നലെയാണ് വാക്‌സിനെടുത്തത്. സൗജന്യ കരുതൽ വാക്‌സിൻ സംബന്ധിച്ച വിവരം പ്രചരി​ക്കാത്തതും ദിവസങ്ങളായി തുടരുന്ന കനത്ത മഴയുമാണ് മന്ദതയ്ക്ക് കാരണമെന്ന് കരുതുന്നതായി​ ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കുന്നു.

രണ്ടാം ഡോസ് വാക്സിൻ എടുത്തശേഷം ആറുമാസം പൂർത്തിയാക്കിയവർക്കാണ് കരുതൽ ഡോസ് സ്വീകരിക്കാൻ കഴിയുക. സെപ്തംബർ 30വരെ സർക്കാർ കേന്ദ്രങ്ങളിൽ സൗജന്യമായി നൽകും. സ്വകാര്യ ആശുപത്രികളിൽ നിന്ന് കരുതൽ ഡോസ് എടുക്കുന്നതിന് പണം നൽകണം. ജില്ലയിലാകെ 10,000ൽ താഴെ കൊവീഷീൽഡ് വാക്സിനും 8,000ലേറെ കൊവാക്സിനുമാണ് സ്റ്റോക്കുള്ളത്.

കരുതൽ ഡോസ് സ്വീകരിച്ചവർ

10 ലക്ഷം പേർക്ക് വാക്സിൻ നൽകണം

2,82,842 പേർ ഡോസ് സ്വീകരിച്ചു

60 ന് മുകളിൽ 1,89,490

45- 59നും ഇടയിൽ 18,891

18- 44നും ഇടയിലുള്ള 21,380

ആരോഗ്യ പ്രവർത്തകർ കൊവിഡ് മുന്നണിപ്പോരാളികൾ 53,081