mv-maia

കൊച്ചി: ഇന്ധന വില കുടിശിക നൽകിയില്ലെന്ന ഹർജിയിൽ നാവികസേനയ്ക്കു കൊച്ചിയിലേക്ക് ചരക്കുമായെത്തിയ എം.വി മയ - ഒന്ന് എന്ന റഷ്യൻ കപ്പൽ കൊച്ചി തുറമുഖത്ത് അറസ്റ്റ് ചെയ്തിടാൻ ഹൈക്കോടതി ഉത്തരവിട്ടു. എസ്റ്റോണിയ എന്ന രാജ്യത്തെ ഇന്ധനക്കമ്പനി കേരള ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ജസ്റ്റിസ് സതീഷ് നൈനാനാണ് അറസ്റ്റ് ഉത്തരവിട്ടത്. ഇന്ധനം വാങ്ങിയ വകയിൽ 23,503.14 യു.എസ് ഡോളർ (18.68 ലക്ഷം രൂപ) കപ്പൽ അധികൃതർ കുടിശിക വരുത്തിയെന്നാരോപിച്ചാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്. അന്താരാഷ്ട്ര സമുദ്ര നിയമപ്രകാരം കപ്പൽ നിലവിലുള്ള തുറുഖത്തെ നിർദ്ദിഷ്ട കോടതിയിൽ ഇത്തരം ഹർജികൾ ഫയൽ ചെയ്യാനാവും. ഈ നിയമവ്യവസ്ഥയനുസരിച്ചാണ് എസ്റ്റോണിയൻ കമ്പനി കേരള ഹൈക്കോടതിയിൽ ഹർജി നൽകിയത്. കപ്പൽ കൊച്ചി തുറമുഖത്താണ് നങ്കൂരമിട്ടതെന്ന് കണ്ടെത്തി ഇന്ധന കമ്പനി സീനിയർ അഡ്വ. വി.ജെ. മാത്യു മുഖേനയാണ് ഹൈക്കോടതിയെ സമീപിച്ചത്. കപ്പൽ തടഞ്ഞിട്ടെങ്കിലും ചരക്കു നീക്കത്തിന് തടസമുണ്ടാവില്ല. റഷ്യയും ഉക്രെയിനും തമ്മിലുള്ള യുദ്ധത്തെത്തുടർന്നാണ് ഇന്ധന വില കുടിശിക വന്നതെന്ന് കപ്പൽ കമ്പനി അധികൃതർ വിശദീകരിച്ചു. ഇന്ധന വില കുടിശികയ്ക്കു തുല്യമായ തുക കെട്ടിവച്ചാൽ കപ്പലിന് തീരം വിടാനാകും.