തൃക്കാക്കര: കൊവിഡിനെ തുടർന്ന് പ്രവർത്തനം നിലച്ചിരുന്ന കാക്കനാട്ടെ ബോർസ്റ്റൽ സ്കൂൾ വീണ്ടും സജീവമാകുന്നു. മഹാമാരി കാലത്ത് വിവിധ കേസുകളിൽ പ്രതികളായി വരുന്നവർക്ക് കോവിഡ് ക്വാന്റൈൻ സൗകര്യം ഒരുക്കുന്ന സി.എഫ്.എൽ.ടിസിയായി പ്രവർത്തിക്കുകയായിരുന്നു ഇതുവരെ ബോസ്റ്റൽ സ്കൂൾ .
യുവാക്കളായ കുറ്റവാളികളെ പാർപ്പിക്കുന്നതിന് വേണ്ടി മാത്രം ജയിൽ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ ഏക സ്ഥാപനമാണ് ബോർസ്റ്റൽ സ്കൂൾ. കാക്കനാട് ജില്ലാ ജയിലിനോട് ചേർന്നുള്ള രണ്ട് ഏക്കറിലാണ് ബോസ്റ്റൽ സ്കൂൾ. അത്യാധുനിക സൗകര്യങ്ങളോടെയുള്ള മൂന്ന് നില കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 2018 - 19 കാലത്തെ സർക്കാർ പദ്ധതിയിൽ പെടുത്തി ഒരു കോടി എഴുപത്തിയാറ് ലക്ഷം രൂപ മുതൽ മുടക്കിലാണ് നിർമാണം പുരോഗമിക്കുന്നത്.നിലവിൽ 70 അന്തേവാസികളാണ് ബോർസ്റ്റൽ സ്കൂളിലുള്ളത്. 18 വയസിനും 21 വയസിനും ഇടയിൽ പ്രായമുള്ള യുവ കുറ്റവാളികളെ ക്രിമിനൽ വാസനകളിൽ നിന്ന് വഴിമാറ്റുക എന്ന ഉദ്ദേശത്തോടെയാണ് ജയിൽ വകുപ്പ് 2010 ൽ ബോർസ്റ്റൽ സ്കൂൾ ആരംഭിച്ചത്. ദീർഘകാല ശിക്ഷക്ക് വിധിക്കപ്പെട്ടവർ ആണെങ്കിലും 21 വയസ് വരെ ഇവിടെ പാർപ്പിക്കും. കൃഷിയും കൗൺസലിംഗും പഠനവുമെല്ലാം ഒരുക്കി കുറ്റവാളികളുടെ മാനസിക ബുദ്ധിമുട്ടുകൾ ഒഴിവാക്കുക എന്നതാണ് ലക്ഷ്യം. സൂപ്രണ്ടിന്റെ നേതൃത്വത്തിൽ 20 ജീവനക്കാരും ഒരു പിടി ടീച്ചറും ബോസ്റ്റൽ സ്കൂളിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.