മൂവാറ്റുപുഴ: നഗരസഭയുടെ അമിതമായ കെട്ടിടവാടക വർദ്ധനയ്ക്കെതിരെ പ്രതിപക്ഷം രംഗത്ത്. ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിൽ വാടക വർദ്ധനയുമായി ബന്ധപ്പെട്ട പി.ഡബ്ല്യു.ഡി റേറ്റ് നിശ്ചയിക്കുന്ന അജണ്ട മാറ്റിവയ്ക്കണമെന്ന പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യം ഭരണപക്ഷം അംഗീകരിക്കാത്തത് സ്ഥിതിഗതികൾ വഷളാക്കി.
നഗരസഭയുടെ കെട്ടിടങ്ങളായ പേവാർഡ് ഷോപ്പിംഗ് കോംപ്ലക്സ്, വെജിറ്റബിൾ മാർക്കറ്റ്, കച്ചേരിത്താഴം കോംപ്ലക്സ്, ടൗൺ ഹാൾ കരാട്ടെ ക്ലാസ്, പാലം കോംപ്ലക്സ്,കെ.എസ്.ആർ.ടി.സി ക്ക് എതിർവശത്തെ വിനായക ബേക്കറി കെട്ടിടം, ബസ് സ്റ്റാൻഡ് കോംപ്ലക്സ്, സ്റ്റേഡിയം കോംപ്ലക്സിലെ ഗ്രൗണ്ട് ഫ്ലോർ ഒന്നു മുതൽ 16 വരെയുള്ള റൂമുകൾ, കെ.എസ്.ആർ.ടി.സി ജംഗ്ഷന് എതിർവശത്തെ കെട്ടിടത്തിലെ ഒന്നാം നിലയിലെ മുറികൾ എന്നിവയുടെ വാടക പൊതുമരാമത്ത് റേറ്റ് പ്രകാരം ഈടാക്കാനാണ് നഗരസഭയുടെ തീരുമാനം. വാടക വർദ്ധനയ്ക്കെതിരെ വ്യാപാരി വ്യവസായി സമിതി,വ്യാപാരി വ്യവസായി ഏകോപന സമിതി തുടങ്ങിയ സംഘടനകളുടെയും പൊതു പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ സമരങ്ങൾ നടന്നിരുന്നു. എന്നാൽ പ്രതിഷേധങ്ങളെ കണ്ടില്ലെന്ന് നടിച്ചാണ് നഗരസഭാ ഭരണസമിതി മുന്നോട്ടുപോകുന്നത്. വാടക വർദ്ധന നഗരസഭാ കെട്ടിടങ്ങളിലെ കച്ചവടക്കാരെയും മറ്റു സ്ഥാപനങ്ങൾ നടത്തുന്നവരെയും പ്രതിസന്ധിയിലാക്കും. വ്യാപാരികളോടുള്ള ക്രൂരമായ നിലപാട് യു.ഡി.എഫ് ഭരണസമിതി അവസാനിപ്പിക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം.