ആലുവ: ഭർത്താവുമായി പിണങ്ങി ആലുവയിൽ മണപ്പുറം നടപ്പാലത്തിൽനിന്ന് പെരിയാറിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മയെ ഫയർഫോഴ്സ് രക്ഷിച്ചു. കളമശേരി വിടാക്കുഴ സ്വദേശിനിയായ അമ്പത്താറുകാരിയെ ആണ് സ്കൂബ ടീം രക്ഷിച്ചത്. ഇന്നലെ വൈകിട്ട് നാലോടെ നടപ്പാലത്തിൽനിന്ന് ഇവർ ചാടുന്ന ദൃശ്യം പൊലീസിന്റെ നിരീക്ഷണ കാമറയിൽ പതിഞ്ഞിരുന്നു. വിവരം ലഭിച്ചതോടെ ഫയർഫോഴ്സ് ബോട്ടിൽ പെരിയാറിൽ രക്ഷാപ്രവർത്തനത്തിനെത്തി. ഒരു കിലോമീറ്ററോളം ദൂരെ മാർത്താണ്ഡവർമ്മ പാലത്തിന് സമീപത്തേക്ക് ഒഴുകിയെത്തിയ ഇവരെ ഇവിടെനിന്നാണ് രക്ഷിച്ചത്. വീണ്ടും പുഴയിലേക്ക് ചാടാൻ ശ്രമിച്ചെന്നും ബലം പ്രയോഗിച്ചാണ് ആലുവ ജില്ലാ ആശുപത്രിയിൽ എത്തിച്ചതെന്നും രക്ഷാപ്രവർത്തനം നടത്തിയവർ പറഞ്ഞു. സഹോദരിയോടൊപ്പമാണ് ഇവർ ഇപ്പോൾ താമസിക്കുന്നത്.