n

കൊച്ചി: മഴ കനത്തതോടെ എറണാകുളം നഗരത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ പൊതുജനത്തിന് സമ്മാനിക്കുന്നത് നരകയാത്ര. പൊളിഞ്ഞ റോഡുകൾ ചെളിക്കുളങ്ങളായതും പ്രശ്‌നം രൂക്ഷമാക്കി. നഗരത്തിലെ തമ്മനം- പുല്ലേപ്പടി, വൈറ്റില ജംഗ്ഷൻ, വൈറ്റില ഹബ്ബ്, വിവിധ സർവീസ് റോഡുകൾ തുടങ്ങിയവ തകർന്നു. വെള്ളക്കെട്ട് കൂടിയായതോടെ ഇടിവെട്ടിയവനെ പാമ്പുകടിച്ച അവസ്ഥയിലാണ് ജനങ്ങൾ.

 വൈറ്റിലയിൽ വഴിമുടക്കിയായി വാട്ടർ അതോറിറ്റി

വൈറ്റില- സിഗ്‌നൽ ജംഗ്ഷൻ മുതൽ കുന്നറ പാർക്ക് വരെയുള്ള ഭാഗത്ത് വാട്ടർ അതോറിറ്റി പൈപ്പിടാൻ കുഴിയെടുത്ത സ്ഥലത്തെ അറ്റകുറ്റപ്പണി ഇഴയുകയാണ്. രണ്ടാഴ്ച മുമ്പ് പൊതുമരാമത്ത് വിഭാഗം പണി ആരംഭിച്ചതിനു പിന്നാലെ പുതിയ പൈപ്പിൽ അഞ്ചിടത്ത് ചോർച്ചയെന്നു പറഞ്ഞ് വീണ്ടും റോഡ് കുത്തിപ്പൊളിച്ചതാണ് പ്രശ്നമായത്. പരിശോധനയിൽ ഒമ്പതിടത്ത് ചോർച്ച കണ്ടെത്തിയതോടെ ജോലി പിന്നെയും നീണ്ടു. സിഗ്‌നൽ ജംഗ്ഷൻ മുതൽ അമ്പലം ജംഗ്ഷൻ വരെ മാത്രമാണ് പണി പൂർത്തിയായത്.

 ഹബ്ബ് റോഡിൽ വള്ളംകളി
വൈറ്റില അമ്പലം ജംഗ്ഷനിൽ നിന്ന് ഹബ്ബിലേക്ക് കയറുന്ന റോഡും തകർന്നു. ടൈൽ വിരിച്ച് റോഡ് മനോഹരമാക്കിയിട്ട് നാല് വർഷമേ ആയുള്ളു. ഹബ്ബിലേക്കുള്ള ഈ റോഡിന്റെ ആരംഭം മുതൽ ബസ് ഹബ്ബിലേക്ക് പ്രവേശിക്കുന്നയിടംവരെ ടൈലുകൾ ഇളകിക്കിടക്കുകയാണ്. ചിലയിടത്ത് ടൈലുകൾ താഴ്ന്ന് വലിയ കുഴികളും രൂപപ്പെട്ടിട്ടുണ്ട്.

 തമ്മനം റോഡിനും ദുരവസ്ഥ

തമ്മനം- പുല്ലേപ്പടി റോഡിലെ മേയ് ഫസ്റ്റ് റോഡ് മുതൽ സ്റ്റേഡിയം ലിങ്ക് റോഡ് വരെയുള്ള ഭാഗം തകർന്നുതരിപ്പണമായി പരാതികൾ ഉയർന്നപ്പോൾ തമ്മനം ജംഗ്ഷനിലെ കുഴി പേരിന് അടച്ചു. ഇവിടെ മെറ്റൽ ഇളകി റോഡിൽ നിരക്കുകയും ചെയ്തു.

റോഡ് തങ്ങളുടേതല്ലെന്ന വാദത്തിലാണ് പൊതുമരാമത്ത് വകുപ്പും നഗരസഭയും. കെ.ആർ.എഫ്.ബിയാണ് റോഡ് ഏറ്റെടുത്തതെന്നാണ് ഇവരുടെ പക്ഷം.

വെള്ളക്കെട്ടും രൂക്ഷം
നഗരത്തിന്റെ പലപ്രദേശങ്ങളിലും വെള്ളക്കെട്ടും രൂപപ്പെട്ടു. ജനറൽ ആശുപത്രി ജംഗ്ഷൻ, സ്റ്റേഡിയം ജംഗ്ഷൻ, പാലാരിവട്ടം, ഇടപ്പള്ളി സിഗ്‌നൽ ജംഗ്ഷൻ എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. പാലാരിവട്ടം മുതൽ ഇടപ്പള്ളി സിഗ്‌നൽ ജംഗ്ഷൻവരെയുള്ള സർവീസ് റോഡുകളും തകർന്ന അവസ്ഥയിൽ തന്നെ.