stude
സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം ഹൈസ്കൂൾ വിദ്യാർത്ഥികൾ വൃക്ഷത്തൈകൾ നടുന്നു.

കൊച്ചി: സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾക്കായി കുട്ടികളും രക്ഷിതാക്കളും ഒത്തുചേരുന്ന അപൂർവ്വ കാഴ്ചയ്ക്ക് എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം ഹൈസ്കൂൾ സാക്ഷിയായി. പുഴയോരസംരക്ഷണയജ്ഞം, തണലൊരുക്കൽ എന്നീ പദ്ധതികളാണ് രക്ഷാകർത്താക്കൾ ഏറ്റെടുത്തിരിക്കുന്നത്. മണ്ണൊലിപ്പ് തടയുന്നതിനായി പുഴകളുടെയും കൈവഴികളായ തോടുകളുടെയും കരയിൽ മരത്തൈകൾ നട്ടുവളർത്തിയെടുക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ എടവനക്കാട്, നായരമ്പലം മേഖലകളിലാണ് തൈകൾ നടുന്നത്.
പരിസരവാസികളായ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ചെടികളുടെ സംരക്ഷണച്ചുമതല കൈമാറും. പ്ളാസ്റ്റിക്കിനെതിരെയുള്ള ബോധവത്കരണ പ്രവർത്തനങ്ങളും നടത്തും. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ പുഴകളിലേക്കും തോടുകളിലേക്കും അലക്ഷ്യമായി വലിച്ചെറിയുന്നതു തടയുകയാണ് ലക്ഷ്യം. വനമിത്ര അവാർഡ് ജേതാവ് എം. മനോജാണ് മാർഗനിർദ്ദേശങ്ങൾ നൽകുന്നത്.
കുഴുപ്പിള്ളി സെയ്തുമുഹമ്മദ് റോഡിന് സമീപത്ത് വൃക്ഷത്തൈകൾ നട്ടു പദ്ധതിക്കു തുടക്കം കുറിച്ചു. എസ്.പി.സി, പി.ടി.എ ഭാരവാഹികളായ
കെ.ആർ.ഷൈജി, രാജേഷ്, എ.എ, റജീന ഹക്കീം, വിനിത കെ.പി, സജ്ന പി.കെ, അനു കെ.ദാസ്, സിമി കെ. വി, സരീഷ് കെ.എസ് എന്നിവർ നേതൃത്വം നൽകി.