
കൊച്ചി: വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ബീഹാറിലും ആഫ്രിക്കൻ പന്നിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടതായി അറിയിപ്പു ലഭിച്ചതിനെ തുടർന്നു മൃഗസംരക്ഷണ വകുപ്പ് പ്രതിരോധനടപടികൾ ശക്തമാക്കി. സ്വകാര്യ പന്നി വളർത്തൽ കേന്ദ്രങ്ങളിൽ പന്നികളിൽ രോഗലക്ഷണമോ മരണമോ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടോയെന്ന് ശ്രദ്ധിക്കണമെന്ന് നിർദ്ദേശം നൽകി. പന്നികളെ ബാധിക്കുന്ന മാരകവും അതിസാംക്രമികവുമായ വൈറസ് രോഗമാണിത്. സംസ്ഥാനത്തിന് പുറത്തുനിന്നും പന്നികളെ വാങ്ങുന്നതിനും പന്നിയിറച്ചിയും അനുബന്ധ ഉത്പന്നങ്ങളും പന്നി കാഷ്ഠവും കൊണ്ടുവരുന്നതിനും കഴിഞ്ഞ 14 മുതൽ 30 ദിവസത്തേക്ക് താത്കാലിക നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പന്നി വളർത്തുന്ന കർഷകർ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ല മൃഗസംരക്ഷണ ഓഫീസർ ഡോ. ഉഷാറാണി അറിയിച്ചു.