കൊച്ചി: തിരുവിതാംകൂർ ദേവസ്വംബോർഡിന് കീഴിലുള്ള ആലപ്പുഴ വലിയ കലവൂർ ക്ഷേത്രത്തിൽ ചോറൂണ് ചടങ്ങിനിടെ ആനക്കൊട്ടിലിന്റെ മേൽഭാഗം ഇടിഞ്ഞുവീണ് അപകടമുണ്ടായ സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. മാദ്ധ്യമ വാർത്തയെത്തുടർന്ന് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

ജൂലായ് പത്തിന് രാവിലെ ഒമ്പതരയോടെയാണ് ആനക്കൊട്ടിലിന്റെ മേൽക്കൂര ഇടിഞ്ഞുവീണ് അഞ്ചുവയസുള്ള കുട്ടിയടക്കം മൂന്നുപേർക്ക് പരിക്കേറ്റത്. ആനക്കൊട്ടിലിന്റെ നവീകരണത്തിന് 2018 ൽ 7.15 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നു. എന്നാൽ ആനക്കൊട്ടിലിന്റെ മേൽക്കൂരയുടെ അറ്റകുറ്റപ്പണി നടത്തണമെന്ന ശുപാർശയിൽ നടപടിയെടുത്തിരുന്നില്ലെന്നും ദേവസ്വംബോർഡ് വിശദീകരിച്ചു. തുടർന്ന് എത്ര ക്ഷേത്രങ്ങളിൽ സമാനമായ സ്ഥിതിയുണ്ടെന്ന് അറിയിക്കാൻ നിർദ്ദേശിച്ച ഹൈക്കോടതി ഇത്തരത്തിൽ തകർന്ന മേൽക്കൂരയുള്ള കെട്ടിടങ്ങളിലേക്ക് ഭക്തരെ പ്രവേശിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും നിർദ്ദേശിച്ചു.