കൊച്ചി: കടമത്ത് ദ്വീപിൽ നോർത്തിലും സൗത്തിലുമുള്ള ഗവ. ജൂനിയർ ബേസിക് സ്‌കൂളുകൾ ലയിപ്പിക്കാനുള്ള ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് ഹൈക്കോടതി പത്തുദിവസത്തേക്ക് സ്‌റ്റേചെയ്‌തു. സ്കൂളുകൾ ലയിപ്പിക്കുന്നതിനെതിരെ പ്രദേശവാസിയും വിദ്യാർത്ഥിയുമായ പി.എസ്. നവീൻ ചെറിയ നൽകിയ ഹർജിയിൽ ജസ്റ്റിസ് രാജ വിജയരാഘവനാണ് ഇടക്കാല ഉത്തരവ് നൽകിയത്. സ്കൂളുകൾ ലയിപ്പിക്കാനുള്ള സർക്കാർ തീരുമാനം മദ്രസയിൽപോകുന്ന വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. സ്‌കൂളുകൾ ലയിപ്പിക്കുമ്പോൾ മദ്രസയിൽപോകുന്ന വിദ്യാർത്ഥികൾക്ക് രാവിലെ ഒമ്പതരയ്ക്ക് സ്കൂളിലെത്താൻ കഴിയാതെ വരുമെന്ന് ഹർജിയിൽ പറയുന്നു.
സ്കൂളുകളുടെ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്റെ പേരിലാണ് ഇരുസ്കൂളുകളും ലയിപ്പിക്കാൻ ഉത്തരവ് നൽകിയത്. പഴയ സ്കൂളുകളിലെ ഫർണിച്ചറുൾപ്പെടെ പുതിയ കേന്ദ്രത്തിലേക്ക് എത്രയുംവേഗം മാറ്റാനും നിർദ്ദേശമുണ്ട്. നോർത്തിലെ ജൂനിയർ ബേസിക് സ്കൂളിലെ പ്രധാനാദ്ധ്യാപകനാണ് പുതിയ സ്‌കൂളിന്റെ ചുമതലയെന്നും ഉത്തരവിൽ പറയുന്നു. ലക്ഷദ്വീപ് ഭരണകൂടത്തെയും ലക്ഷദ്വീപിലെ ബാലാവകാശ കമ്മിഷനെയും സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റികളെയും എതിർകക്ഷികളാക്കിയാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച സിംഗിൾബെഞ്ച് വിശദമായി വാദംകേൾക്കുന്നതിനായി എതിർകക്ഷികൾക്ക് നോട്ടീസ് നൽകാൻ നിർദ്ദേശിച്ചാണ് പത്തുദിവസത്തേക്ക് ഉത്തരവ് സ്റ്റേചെയ്തത്.