അങ്കമാലി: അങ്കമാലി പട്ടണത്തിലെ രൂക്ഷമായ ഗതാഗത തടസമുൾപ്പെടെയുള്ള വിഷയങ്ങളിൽ നടപടികളെടുക്കാൻ ഭരണപക്ഷം തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നഗരസഭാ കൗൺസിൽ യോഗം ബഹിഷ്കരിച്ചു. തുടർന്ന് പ്രതിപക്ഷ കൗൺസിലർമാർ ഓഫീസ് അങ്കണത്തിൽ സംഘടിപ്പിച്ച സമരം പ്രതിപക്ഷ നേതാവ് ടി.വൈ. ഏല്യാസ് ഉദ്ഘാടനം ചെയ്തു .മുൻ ചെയർമാൻ ബെന്നി മൂഞ്ഞേലി അദ്ധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി പി.എൻ. ജോഷി, കൗൺസിലർമാരായ മാർട്ടിൻ ബി മുണ്ടാടൻ, ഗ്രേസി ദേവസി, ലേഖ മധു , അജിത ഷിജോ, രജിനി ശിവദാസൻ , മോളി മാത്യു, സരിത അനിൽകുമാർ എന്നിവർ സംസാരിച്ചു.

ടൗണിലെ ഗതാഗത കുരുക്ക് അഴിക്കാൻ ട്രാഫിക് വിഭാഗവുമായി കൂടിയാലോചിച്ച് നടപടിയെടുക്കുക, നിർമ്മാണം പൂർത്തീകരിച്ച ടറഫ് കോർട്ട് തുറന്ന് കൊടുക്കുക, വ്യക്തിഗത ആനുകൂല്യങ്ങൾ കൊടുത്ത് തീർക്കുക, ടൗൺഹാൾ നിർമാണം ഉടൻ ആരംഭിക്കുക,പൊതുശ്മശാനം യാഥാർത്ഥ്യമാക്കുക,നഗരസഭാ ഓഫീസിലെ സി.സി ടിവി കാമറകൾ പ്രവർത്തനക്ഷമമാക്കുക, അനധികൃത നിർമ്മാണങ്ങൾക്കെതിരെ നടപടിസ്വീകരിക്കുക, മാർക്കറ്റ് നവീകരണം യാഥാർത്ഥ്യമാക്കുക, ഓഫീസ് പ്രവർത്തനം കാര്യക്ഷമമാക്കുക, മാലിന്യ പ്രശ്നത്തിന് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 27 ന് എൽ.ഡി.എഫ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിലേക്ക് മാർച്ചും ഏകദിന ഉപവാസവും നടത്തുമെന്ന് എൽ.ഡി.എഫ് നേതാക്കൾ പറഞ്ഞു .