കൊച്ചി: ജില്ലയുടെ പൊക്കാളിപ്പെരുമയ്ക്ക് മാറ്റുകൂട്ടാൻ എട്ട് ഹെക്ടർ സ്ഥലത്ത് കൃഷിക്കൊരുങ്ങി കുമ്പളങ്ങി കൃഷിഭവൻ. കഴിഞ്ഞ വർഷം രണ്ടു ഹെക്ടറിൽ മാത്രമായിരുന്നു കൃഷി. ഇക്കുറി സാധ്യമായ പരമാവധി സ്ഥലത്ത് കൃഷി ആരംഭിക്കാനാണ് ഉദ്യോഗസ്ഥരുടെ ലക്ഷ്യം. നിലവിൽ ആറ് ഹെക്ടറിൽ വിത്ത് വിതച്ചിട്ടുണ്ട്. വളർച്ചയെത്തിയ തൈകൾ ഉടൻ പറിച്ചുനടും.
ജില്ലയിലെ തനത് വിത്തിനമായ പൊക്കാളിയെ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കുമ്പളങ്ങിയിൽ കൂടുതൽ സ്ഥലത്ത് കൃഷി ആരംഭിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കൃഷിഭവൻ പരിധിയിൽ നെൽക്കൃഷി വ്യാപിക്കും.

തരിശായ സ്ഥലങ്ങളിൽ പരമാവധി നെൽക്കൃഷിയും ശേഷിക്കുന്ന സ്ഥലങ്ങളിൽ പച്ചക്കറി കൃഷിയും ആരംഭിക്കും. വീട്ടു വളപ്പിലും പൊതുസ്ഥലങ്ങളോട് ചേർന്നുമായിരിക്കും പച്ചക്കറിക്കൃഷി കൂടുതലായി നടത്തുക.ഇതിനാവശ്യമായ വിത്തുൾപ്പടെ കൃഷിഭവന്റെ നേതൃത്വത്തിൽ വിതരണം ചെയ്തിരുന്നു. പദ്ധതിക്ക് പാടശേഖര സമിതികളുടെയും കർഷക കൂട്ടായ്മകളുടെയും പിന്തുണ ഉറപ്പാക്കിയിരുന്നു. കർഷകർക്ക് പുറമെ വിദ്യാർത്ഥികളിലും പൊതുജനങ്ങളിലും പൊക്കാളിക്കൃഷിയെ സംബന്ധിച്ച അവബോധം വളർത്താനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്.