edapally-

കൊച്ചി: ഇടപ്പള്ളി സെന്റ് ജോർജ് ഫൊറോന പള്ളിയുടെ വ്യാജ വെബ് സൈറ്റും ഫേസ്ബുക്ക് പേജും നിർമ്മിച്ച് പണം തട്ടാൻ ശ്രമിച്ചതായുള്ള പരാതിയിൽ സൈബർ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഇക്കഴിഞ്ഞ 14ന് പള്ളി വികാരി ഫാ. ആന്റണി മടത്തുംപടിയാണ് പരാതിയുമായി കൊച്ചി സിറ്റി പൊലീസ് കമ്മിഷണറെ സമീപിച്ചത്.

തുടർന്ന് പരാതി സൈബർ പൊലീസിന് കൈമാറി. പള്ളിയുടെ ചിത്രവും മറ്റും ഉപയോഗിച്ച് വ്യാജ വെബ് സൈറ്റ് നിർമ്മിച്ച് പണം കൈക്കലാക്കിയിട്ടുണ്ടാകുമെന്നാണ് സംശയം. ഐ.ടി ആക്ട് 66സി, 66 ഡി വകുപ്പുകളി​ലാണ് കേസ്.

അടുത്തിടെ പാരിഷ് കമ്മിറ്റി പള്ളിക്കായി വെബ് സൈറ്റും ഫേസ്ബുക്കും പേജും നിർമ്മിച്ചിരുന്നു. ഇതിൽ നൽകിയ അക്കൗണ്ടിലേക്ക് നിരവധി വിശ്വാസികളുടെ സംഭവാനകൾ ലഭിച്ചു. ഇതോടെയാണ് നേരത്തെയുണ്ടായിരുന്നു വ്യാജ അക്കൗണ്ടിലേക്കും സമാനമായി പണമെത്തിയിട്ടുണ്ടാകുമെന്ന സംശയമുയർന്നത്. പത്ത് വർഷമായി വെബ് സൈറ്റ് പ്രവർത്തിക്കുന്നുണ്ടെന്ന് പരാതിയിൽ പറയുന്നത്. വെബ് സൈറ്റും ഫേസ്ബുക്ക് പേജും നിർമ്മിച്ചയാളെ കണ്ടെത്താനുള്ള നീക്കമാണ് നടത്തുന്നത്. ഫേസ്ബുക്കിന് അക്കൗണ്ട് ഉടമയുടെ പേരും ഫോൺനമ്പറും ആവശ്യപ്പെട്ട് ഇമെയിൽ അയച്ചിട്ടുണ്ട്. ഉടൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സൈബർ പൊലീസ്. ആളെ തിരിച്ചറിഞ്ഞാൽ ഇയാളുടെ ബാങ്ക് ഇടപാടുകളും മറ്റും പരിശോധിക്കും.

വി​കാരി​യുടെ സംശയം യാഥാർത്ഥ്യമാണെന്ന് തെളി​ഞ്ഞാൽ കോടി​കളുടെ തട്ടി​പ്പാകും ഇടപ്പള്ളി​ സെന്റ് ജോർജ് പള്ളി​യി​ൽ നടന്നി​ട്ടുണ്ടാവുക.

പുരാതനമായ പള്ളി​യി​ൽ വർഷങ്ങളെടുത്ത് നി​ർമ്മി​ച്ച പുതി​യ പള്ളി​ ഏഷ്യയി​ലെ തന്നെ വലി​യ പള്ളി​കളൊന്നാണ്.