thomas-isaac

കൊച്ചി: മസാല ബോണ്ട് സ്വീകരിച്ചതിൽ വിദേശ നാണയ വിനിമയച്ചട്ടം ലംഘിച്ചെന്ന കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാത്ത മുൻധനമന്ത്രി ഡോ. തോമസ് ഐസക്കിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വീണ്ടും നോട്ടീസ് നൽകും. അന്വേഷണത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ഇ.ഡി.

. മൂന്നു തവണ വരെ നോട്ടീസ് നൽകാം. എന്നിട്ടും ഹാജരായില്ലെങ്കിൽ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്ന് ഇ.ഡി വൃത്തങ്ങൾ പറഞ്ഞു.ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് വഴി കിഫ്ബി 2,150 കോടി രൂപ സമാഹരിച്ചതിൽ വിദേശ നാണയ വിനിമയച്ചട്ടം ലംഘിക്കപ്പെട്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. തോമസ് ഐസക് കിഫ്ബി വൈസ് ചെയർമാനായിരുന്ന കാലത്താണ് തുക സമാഹരിച്ചത്. ഇതു സംബന്ധിച്ച വിവരങ്ങൾ അറിയുന്നതിനാണ് ചോദ്യം ചെയ്യൽ. ബോണ്ട് സമാഹരിക്കാൻ സഹായിച്ച ബാങ്കിൽ നിന്നുൾപ്പെടെ വിവരങ്ങൾ ഇ.ഡി ശേഖരിച്ചിട്ടുണ്ട്.

കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ഇന്നലെ രാവിലെ ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും എത്തില്ലെന്ന് തോമസ് ഐസക് അറിയിച്ചിരുന്നു. പാർട്ടി നേതൃത്വവുമായി ആലോചിച്ചശേഷം തീരുമാനിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. രാഷ്ട്രീയപ്രേരിതമാണ് ഇ.ഡിയുടെ നടപടിയെന്നാണ് സി.പി.എം വിലയിരുത്തൽ.