കൊച്ചി:നഗരത്തിലെ റോഡുകളുടെ ദയനീയാവസ്ഥയിൽ അധികൃതരെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി.

രാജാജി റോഡിൽ നിന്ന് എം.ജി റോഡിലേക്കിറങ്ങിയാൽ വണ്ടിയുടെ അടി തട്ടും. ആരാണ് ഈ പഴഞ്ചൻ രീതിയിൽ റോഡ് നിർമ്മിച്ചത് ?, കൊച്ചി നഗരത്തിലെ തകർന്ന റോഡുകൾ നന്നാക്കണമെന്നാവശ്യപ്പെടുന്ന ഒരുകൂട്ടം ഹർജികൾ പരിഗണിക്കവെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. അശാസ്ത്രീയമായ റോഡ് നിർമ്മാണത്തെക്കുറിച്ച് ജനങ്ങൾ കോടതിയോടാണ് പരാതിപ്പെടുന്നത്. ആർക്കാണ് റോഡിന്റെ ഉത്തരവാദിത്തം. കൊച്ചി നഗരസഭയ്ക്കാണോ പൊതുമരാമത്ത് വകുപ്പിനാണോ?- ഹൈക്കോടതി ചോദിച്ചു.

അത്യാധുനിക വാഹനങ്ങളുടെയും കാറുകളുടെയും കാലമാണിത്. പലതിനും റോഡിൽ നിന്ന് ഏതാനും ഇഞ്ചുകൾ മാത്രമാണ് ഉയരം. അപ്പോഴാണ് പഴയ മാതൃകയിൽ റോഡ് നിർമിച്ചത്. എം.ജി റോഡിൽ ഷിപ്പ്‌യാർഡ് കഴിഞ്ഞാൽ റോഡിന്റെ സ്ഥിതി അങ്ങേയറ്റം പരിതാപകരമാണെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.

വൈറ്റില-തൃപ്പൂണിത്തുറ റോഡ് സഞ്ചാരയോഗ്യമാക്കാത്തതിനെയും ഹൈക്കോടതി വിമർശിച്ചു. മൂന്നു മാസത്തിലേറെയായി ജനങ്ങൾ സഹിക്കുന്നു. റോഡ് തകർന്നതിന്റെ പേരിൽ സർക്കാർ വകുപ്പുകൾ പരസ്പരം പഴി ചാരിയിട്ടെന്തുകാര്യം? പൈപ്പ് മാറ്റാൻ വാട്ടർ അതോറിറ്റി റോഡ് വെട്ടിക്കുഴിച്ചതാണെന്ന് പൊതുമരാമത്ത് വകുപ്പിന്റെ അഭിഭാഷകൻ വിശദീകരിച്ചപ്പോഴാണ് കോടതി ഇങ്ങനെ പറ‌ഞ്ഞത്. റോഡ് നന്നാക്കിയാൽ അപ്പോൾ കുഴിക്കാനെത്തും. മഴക്കാലത്ത് റോഡ് കുഴിക്കാൻ അനുവദിക്കരുത്. നല്ല റോഡാണെങ്കിൽ ഗതാഗതക്കുരുക്കോ അപകടമോ ഉണ്ടാകില്ല. ജനങ്ങൾ എല്ലാം സഹിക്കുകയാണ്. ലോകത്ത് മറ്റെവിടെയെങ്കിലുമായിരുന്നെങ്കിൽ സർക്കാരിനെതിരെ എത്ര കേസുണ്ടാവുമായിരുന്നെന്നും ഹൈക്കോടതി ചോദിച്ചു.