
ആലുവ: ജില്ലാ ആശുപത്രി കവാടത്തിലെ വെള്ളക്കെട്ട് രോഗികൾക്കുൾപ്പെടെ ദുരിതമായിട്ടും നടപടിയെടുക്കാതെ അധികൃതർ. മന്ത്രിയുടെ ഓഫീസ് മുതൽ ആശുപത്രി സൂപ്രണ്ടിന് വരെ പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. ചെറിയ മഴപെയ്താൽ പോലും പ്രവേശനകവാടത്തിൽ വെള്ളം നിറയും. മഴ മാറി ഏറെ സമയം കഴിഞ്ഞാലേ വെള്ളം മുഴുവൻ വറ്റിപോകുകയുള്ളൂ.
വെള്ളം ഒഴുകിപ്പോകാൻ ഉണ്ടായിരുന്ന കാന അറ്റകുറ്റപ്പണി നടത്താതതാണ് പ്രശ്നം. ഏറെനാളായി മഴക്കാലത്തെ അവസ്ഥയാണിത്. ആശുപത്രിയിലെ ബ്ലഡ് ബാങ്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എമർജൻസി ബ്ലഡ് ഡൊണേഷൻ ആർമി ജില്ലാ കോ-ഓഡിനേറ്റർ മുസ്തഫ എടയപ്പുറം ഇക്കാര്യം പൊതുമരാമത്ത് മന്ത്രിയുടെ ഓഫിസിൽ വിളിച്ച് അറിയിച്ചിരുന്നു. ഇതേ തുടർന്ന് എക്‌സി. എൻജിനിയർ വിവരങ്ങൾ ആരായുകയും പ്രശ്‌നം ആരോഗ്യ വകുപ്പിലാണ് അറിയിക്കേണ്ടതെന്ന് മറുപടി നൽകി. തുടർന്ന് ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിൽ വിളിച്ച് വിവരം പറഞ്ഞു. വിവരം ജില്ലാ ആശുപത്രി സൂപ്രണ്ടിനെ അറിയിക്കാമെന്നാണ് മന്ത്രിയുടെ ഓഫീസിൽ നിന്ന് ലഭിച്ച മറുപടി. എന്നാൽ ഇതുവരെ നടപടികളൊന്നും ഉണ്ടായില്ലെന്ന് മുസ്തഫ ആരോപിക്കുന്നു. മഴ ശക്തമായതോടെ വെള്ളക്കെട്ടും രൂക്ഷമാവുകയാണ്.