മൂവാറ്റുപുഴ: നഗരസഭാ കെട്ടിടങ്ങൾക്ക് പി.ഡബ്ല്യു.ഡി നിരക്കിൽ വാടക വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ മൂവാറ്റുപുഴ മർച്ചന്റ്സ് അസോസിയേഷൻ അനിശ്ചിതകാല പ്രക്ഷോഭം ആരംഭിക്കുന്നു. അസോസിയേഷൻ പ്രസിഡന്റ് അജ്മൽ ചക്കുങ്ങൽ അറിയിച്ചതാണ് ഇക്കാര്യം.

മൂവാറ്റുപുഴ നഗരസഭയുടെ ഉടമസ്ഥതയിലെ കെട്ടിടങ്ങളായ പേവാർഡ് ഷോപ്പിംഗ് കോംപ്ലക്സ്, വെജിറ്റബിൾ മാർക്കറ്റ്, കച്ചേരിത്താഴം കോംപ്ലക്സ്, ടൗൺ ഹാൾ കരാട്ടെ ക്ലാസ്, പാലം കോംപ്ലക്സ്, കെ.എസ്.ആർ.ടി.സിക്ക് എതിർവശത്തെ ബേക്കറി കെട്ടിടം, ബസ് സ്റ്റാൻഡ് കോംപ്ലക്സ്, സ്റ്റേഡിയം കോംപ്ലക്സിലെ ഗ്രൗണ്ട് ഫ്ലോർ ഒന്നു മുതൽ 16 വരെയുള്ള റൂമുകൾ, കെ.എസ്.ആർ.ടി ജംഗ്ഷന് എതിർവശത്ത് സ്ഥിതിചെയ്യുന്ന കെട്ടിടത്തിലെ ഒന്നാം നിലയിലെ എട്ട് മുറികൾ എന്നിവയുടെ വാടകയാണ് വർദ്ധിപ്പിക്കുന്നത്. വാടക വർദ്ധന കഴിഞ്ഞ ദിവസം ചേർന്ന നഗരസഭാ കൗൺസിൽ യോഗം ഇടത് അംഗങ്ങളുടെ എതിർപ്പ് മറികടന്ന് പാസാക്കിയിരുന്നു. നഗരസഭാ കെട്ടിടങ്ങളുടെ വാടക വർദ്ധിക്കുമ്പോൾ സ്വാഭാവികമായും സ്വകാര്യവ്യക്തികളുടെ റൂമുകൾക്കും വാടക ഉയരും. അതിലൂടെ ഒട്ടേറെ കച്ചവടക്കാർക്കും പുതു സംരംഭകർക്കും തൊഴിൽ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകുമെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. പ്രക്ഷോഭത്തിന്റെ ഭാഗമായി നഗരത്തിൽ വിശദീകരണ യോഗങ്ങളും മുനിസിപ്പാലിറ്റിക്ക് മുന്നിൽ 24 മണിക്കൂർ (വ്യാഴാഴ്ച രാവിലെ 10 മണി മുതൽ വെള്ളിയാഴ്ച രാവിലെ 10 മണി വരെ) രാപ്പകൽ സമരവും നടത്തും. കെ.എം.ഷംസുദ്ദീൻ, ബോബി എസ്. നെല്ലിക്കൽ, എൽദോസ് പാലപ്പുറം, കെ.എച്ച്.ഫൈസൽ, എം.ഡി. മനോജ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു