
കൊച്ചി: ക്ഷേമനിധി സെസ് കുടിശിക ഇനത്തിൽ എറണാകുളം ജില്ലയിൽ നിന്ന് ലഭിച്ചത് 22,35,91,285 രൂപ. കഴിഞ്ഞ കേരളപ്പിറവി ദിനത്തിൽ ആരംഭിച്ച സെസ് അദാലത്ത് വഴിയാണ് കോടിക്കണക്കിനു രൂപയുടെ കുടിശിക പിരിച്ചെടുക്കാൻ തൊഴിൽ വകുപ്പിനു കഴിഞ്ഞത്. പലിശയിനത്തിൽ 1.47 കോടി രൂപയുടെ ഇളവാണു കെട്ടിട ഉടമകൾക്കു ലഭിച്ചത്. കാക്കനാട് ജില്ലാ ലേബർ ഓഫീസിലാണ് അദാലത്ത് സംഘടിപ്പിച്ചിട്ടുളളത്. അദാലത്തിന്റെ ഭാഗമായി ഗാർഹിക കെട്ടിട ഉടമകൾക്കു പൂർണമായും വാണിജ്യസംബന്ധമായ കെട്ടിടങ്ങൾക്കു ഭാഗികമായും പലിശ ഒഴിവാക്കി നൽകും. നിരവധി പേരാണ് ഈ സൗകര്യം ഉപയോഗപ്പെടുത്തിയിട്ടുളളത്. അദാലത്തിൽ പങ്കെടുത്ത കെട്ടിട ഉടമകൾക്ക് 1,47,16,511 രൂപയുടെ ഇളവുകൾ നൽകി.