കൊച്ചി: മുല്ലശേരി കനാൽ നവീകരണത്തിന്റെ ഭാഗമായി ഇതിലൂടെ കടന്നുപോകുന്ന പൈപ്പുലൈനുകൾ മാറ്റാൻ 2.5 കോടിരൂപകൂടി വേണ്ടിവരുമെന്ന് വാട്ടർ അതോറിറ്റി ഹൈക്കോടതിയിൽ അറിയിച്ചു. ഈതുക എങ്ങനെ കണ്ടെത്താനാവുമെന്ന് അറിയിക്കാൻ ഹൈക്കോടതി സർക്കാരിനും കൊച്ചി നഗരസഭയ്ക്കും നിർദ്ദേശംനൽകി. ഹർജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് പരിഗണിക്കുന്നത്. വാട്ടർ അതോറിറ്റിയുടെ പൈപ്പുലൈനുകൾ നീക്കാനുള്ള കരാർ ആരുമെടുക്കാത്തതിനാൽ മുല്ലശേരികനാൽ നവീകരണം മുടങ്ങിയിരിക്കുകയാണ്. നേരത്തെ പൈപ്പുലൈനുകൾ മാറ്റാൻ കൊച്ചി നഗരസഭ 2.58 കോടി രൂപ നൽകിയിരുന്നു. ഇതിനുപുറമേ രണ്ടരക്കോടിരൂപകൂടി വേണമെന്നാണ് വാട്ടർ അതോറിറ്റി അറിയിച്ചിട്ടുള്ളത്.