മൂവാറ്റുപുഴ: യു.ഡി.എഫ് കൗൺസിലിനോടുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന ഭരണപക്ഷ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ നഗരസഭാ ചെയർമാൻ പി.പി.എൽദോസ് രാജി വെക്കണമെന്ന് പ്രതിപക്ഷ നേതാവ് ആർ.രാകേഷ് ആവശ്യപ്പെട്ടു. കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയത് വ്യാപാരികളോടുള്ള നഗരസഭാ ചെയർമാന്റെ ചതിയിൽ പ്രതിഷേധിച്ചാണന്ന മുസ്ലിം ലീഗ് നേതാവായ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്റെ പ്രസ്താവന വന്നുകഴിഞ്ഞു. വ്യാപാരികളുമായി ചർച്ചയ്ക്ക് തയ്യാറാകണമെന്ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ പറഞ്ഞിട്ടും പി.ഡബ്ല്യു.ഡി നിരക്കിനെ അനുകൂലിച്ച ചെയർമാന്റെ നടപടിയിൽ പ്രതിഷേധിച്ചാണ് അബ്ദുൽസലാം കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോയതെന്ന കാര്യം വ്യക്തമാണ്. ഈ സാഹചര്യത്തിൽ ചെയർമാൻ രാജിവയ്ക്കണമെന്ന് പ്രതിപക്ഷനേതാവും ഉപനേതാവ് പി.വി.രാധാകൃഷ്ണനും ആവശ്യപ്പെട്ടു.