കളമശേരി: കഥകളിയും ശാസ്ത്രീയ നൃത്തവും അഭ്യസിക്കുന്നതിന് പ്രായവും കുടുംബത്തിന്റെ ചുമതലകളും ജോലിത്തിരക്കും തടസമല്ലെന്ന് തെളിയിക്കുകയാണ് ഒരു വീട്ടമ്മ. മുപ്പത്തടം കോച്ചേരി വീട്ടിലെ ശാലിനിയാണ് കഥകളിയിലും ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും മികവുകൾ രാകിമിനുക്കുന്നത്.
വീട്ടുകാര്യങ്ങളുടെയും കളമശേരിയിലെ സ്വകാര്യ ബാങ്കിലെ ജോലിയുടെയും തിരക്കുകളിലാണ് ശാലിനി. പക്ഷേ, അതൊന്നും താൻ ഇഷ്ടപ്പെടുന്ന കലയെ ഉപാസിക്കുന്നതിന് തടസം സൃഷ്ടിക്കുന്നില്ല. കുട്ടിക്കാലത്തുതന്നെ ഭരതനാട്യവും മോഹിനിയാട്ടവും ശാലിനിക്ക് പ്രിയപ്പെട്ട നൃത്തകലകളായിരുന്നു. എന്നാൽ നൃത്തപഠനം പൂർണതയിലെത്തിക്കാനായില്ല. പിന്നീട് കഥകളിയോടും കഥകളി ചിത്രങ്ങളോടും ഇഷ്ടംതോന്നി. പിന്നെയൊന്നും ആലോചിച്ചില്ല. കഥകളി പഠിച്ചു. കൊവിഡ് കാലത്തും പഠന ക്ലാസുകൾ മുടക്കിയില്ല. മുപ്പത്തടം കണ്ണോത്ത് ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തിൽ അരങ്ങേറ്റവും നടത്തി. പ്രശസ്ത കഥകളി കലാകാരനും കഥകളി അദ്ധ്യാപകനുമായ ഫാക്ട് ഭാസ്കരന്റെ മകനായ ബിജു ഭാസ്കറിന്റെ കീഴിലാണ് മൂന്നു വർഷമായി കഥകളി അഭ്യസിക്കുന്നത്. രാവിലെ കഥകളി പരിശീലനം കഴിഞ്ഞാൽ കൃത്യസമയത്ത് ശാലിനി ബാങ്ക് ഉദ്യോഗസ്ഥയുടെ വേഷത്തിലേക്ക് മാറും. ബാല്യത്തിൽ മുടങ്ങിയ ഭരതനാട്യവും മോഹിനിയാട്ടവും ആർ.എൽ.വി ഉണ്ണിക്കൃഷ്ണന്റെ കീഴിൽ വീണ്ടും പരിശീലിച്ചു തുടങ്ങിയിട്ടുണ്ട് 34കാരിയായ ശാലിനി. ശാലിനിയുടെ കലാസ്വപ്നങ്ങൾക്ക് കെ.എസ്.ആർ.ടി.സി ഡ്രൈവറായ ഭർത്താവ് പ്രതീഷിന്റെ പൂർണ പിന്തുണയുണ്ട്.