net-profit

കൊച്ചി: ബാങ്ക് ഒഫ് മഹാരാഷ്‌ട്ര നടപ്പുവർഷം ഏപ്രിൽ-ജൂൺപാദത്തിൽ ഇരട്ടിയോളം വളർച്ചയുമായി 452 കോടി രൂപ ലാഭം നേടി. 2021-22ലെ സമാനപാദ ലാഭം 208 കോടി രൂപയായിരുന്നു; ഇക്കുറി വർദ്ധന 117.25 ശതമാനം. അറ്റ പലിശ വരുമാനം (എൻ.ഐ.ഐ) 1,406 കോടി രൂപയിൽ നിന്ന് 20 ശതമാനം ഉയർന്ന് 1,686 കോടി രൂപയായെന്ന് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ എ.എസ് രാജീവ് പറഞ്ഞു.

അറ്റ പലിശ മാർജിൻ (എൻ.ഐ.എം) 3.05 ശതമാനത്തിൽ നിന്ന് 3.28 ശതമാനമായി മെച്ചപ്പെട്ടു. മൊത്തം നിഷ്‌ക്രിയ ആസ്തി (ജി.എൻ.പി.എ) 6.35 ശതമാനത്തിൽ നിന്ന് 3.74 ശതമാനമായി കുറഞ്ഞു. പൂനെ ആസ്ഥാനമായ ബാങ്കിന്റെ പ്രൊവിഷൻ കവറേജ് അനുപാതം 90.70 ശതമാനത്തിൽ നിന്ന് 95.04 ശതമാനമായി ഉയർന്നു.

ബോണ്ടുകൾ വഴി 1,000 കോടി രൂപ സമാഹരിക്കാൻ ബാങ്ക് തീരുമാനിച്ചിട്ടുണ്ട്. ഇക്വിറ്റി മാർക്കറ്റ് മെച്ചപ്പെട്ടാൽ 1,000 കോടി രൂപയുടെ ഇക്വിറ്റി സമാഹരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.