കുറുപ്പംപടി: അശമന്നൂർ പഞ്ചായത്ത് ഒമ്പതാം വാർഡിൽ ആശാ പ്രവർത്തകയെ നിയമിക്കാത്തതിൽ പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ പ്രതിഷേധം. കാലവർഷ സമയത്ത് പകർച്ച വ്യാധികൾ പടരുമ്പോഴും രണ്ട് മാസമായി ആശാ പ്രവർത്തകയുടെ സേവനം വാർഡിൽ ലഭ്യമല്ല. ഈ സാഹചര്യത്തിൽ വാർഡ് അംഗം പി.കെ. ജമാലിന്റെ നേതൃത്വത്തിൽ അശമന്നൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് മുന്നിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. അടിയന്തര യോഗം ചേർന്ന് ആശാ പ്രവർത്തകയെ നിയമിക്കുന്നതിന് തീരുമാനമെടുക്കാമെന്ന് മെഡിക്കൽ ഓഫീസർ രേഖാമൂലം ഉറപ്പ് നൽകിയതിനെ തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ.എം.സലിം, കോൺഗ്രസ് അശമന്നൂർ മണ്ഡലം പ്രസിഡന്റ് ബിനോയ് ചെമ്പകശേരി, പഞ്ചായത്ത് അംഗങ്ങളായ പി.പി.രഘുകുമാർ, സുബൈദ പരീത്,ഒമ്പതാം വാർഡ് വികസന സമിതി കൺവീനർ വി. പി.സലിം, കോൺഗ്രസ് അശമന്നൂർ മണ്ഡലം സെക്രട്ടറി എം.എം.ഷൗക്കത്ത് അലി, എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.