കൊച്ചി: മാനസിക പിരിമുറുക്കത്തോടൊപ്പം ആത്മഹത്യാ പ്രവണതയും വർദ്ധിച്ചതിനെ തുടർന്ന് തൃശൂർ കിഴക്കേക്കോട്ട മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച, നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനിൽകുമാറിന്റെ (പൾസർ സുനി) സുരക്ഷ കൂട്ടാനൊരുങ്ങി ജയിൽവകുപ്പ്. ആത്മഹത്യാ പ്രവണതയുണ്ടെന്ന് സുനി തന്നെ അറിയിച്ചതിനെ തുടർന്നാണ് ചൊവ്വാഴ്ച വൈകിട്ട് ഡോക്ടറുടെ നിർദ്ദേശപ്രകാരം ആശുപത്രിയിലേക്ക് മാറ്റിയത്. ചികിത്സ പൂർത്തിയാക്കി തിരിച്ചെത്തിയാൽ ഇയാളെ പ്രത്യേകം നിരിക്ഷിക്കാനാണ് തീരുമാനം. എറണാകുളം സബ് ജയിലിലെ വിചാരണ തടവുകാരനാണിപ്പോൾ സുനി. ജയിൽ മാറ്റത്തിനും സാദ്ധ്യതയുണ്ട്.

സുപ്രീം കോടതി കഴിഞ്ഞ 13ന് സുനിയുടെ ജാമ്യഹർജി തള്ളിയതാണ് മാനസിക പിരിമുറുക്കത്തിനു കാരണമായി കരുതുന്നത്. കളമശേരി മെഡിക്കൽ കോളേജിൽ പ്രതിമാസ ചികിത്സയ്ക്കായി എത്തിച്ച സുനിയെ ഡോക്ടറുടെ നിർദ്ദേശപ്രകാരം തിങ്കളാഴ്ച വൈകിട്ടോടെയാണ് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായമനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് എറണാകുളം ജില്ലാ സബ്‌ജയിൽ മേധാവി കേരളകൗമുദിയോട് പറഞ്ഞു.

വർഷങ്ങളായി ജയിലിൽ കഴിയുന്നതിനാൽ മാനസിക പ്രശ്നങ്ങളുണ്ടെന്ന് സുനി നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. തുടർന്ന് ചികിത്സ ഉറപ്പാക്കാൻ ജയിൽവകുപ്പിന് കോടതി നിർദ്ദേശം നൽകി. ജനുവരി മുതൽ സുനി മാനസിക പ്രശ്നങ്ങൾക്ക് ചികിത്സ നടത്തിവരികയാണ്.

എറണാകുളം ജനറൽ ആശുപത്രിയിലായിരുന്നു ആദ്യം ചികിത്സയെങ്കിലും പിന്നീട് കളമശേരി മെഡിക്കൽ കോളേജിലാക്കി.

2017 ഫെബ്രുവരി 23നാണ് സുനി അറസ്റ്റിലായത്. കേസിലെ വിചാരണ പൂർത്തീകരിക്കാൻ വൈകുന്നത് പരിഗണിച്ച് കേസിലെ രണ്ടാംപ്രതി മാർട്ടിന് സുപ്രീംകോടതി ജാമ്യം നൽകിയിരുന്നു. ഇതേകാരണം ഉന്നയിച്ചാണ് സുനിയും സുപ്രീം കോടതിയെ സമീപിച്ചത്.